ഇനി ഡ്യൂറണ്ട് കപ്പിന്റെ കാലം; ഫിക്‌സർ ആയി, കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും ഒരേ ഗ്രൂപ്പിൽ
കൊൽക്കത്ത: കൊൽക്കത്തയിൽ ഈ മാസം 27 മുതൽ നടക്കുന്ന 133മത് ഡ്യൂറണ്ട് കപ്പിന്റെ ഫിക്‌സർ അധികൃതർ പുറത്തുവിട്ടു. നിലവിലെ ചാംപ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സും കൊൽക്കത്തയിലെ അവരുടെ എതിരാളികളായ ഈസ്റ്റ് ബംഗാളും ഒരേ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. അതുപോലെ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്.സിയും ഒരേ ഗ്രൂപ്പിൽ ആണുള്ളത്. ഗ്രൂപ്പ് ഘട്ടം മുതൽ തീ പാറുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഇത്തവണ ടൂർണമെന്റിൽ 24 ടീമുകളാണ് പങ്കെടുക്കുന്നുണ്ട്. ഐ.എസ്.എൽ, ഐ ലീഗ്, ആംഡ് ഫോഴ്‌സ് ടീമുകൾ, നേപ്പാളിൽനിന്നുള്ള ട്രിബുവാന ആർമി എഫ്.സി, ബംഗ്ലാദേശ് ആർമി ഫുട്‌ബോൾ ടീം എന്നിവരാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾ. ഈ വർഷം ജംഷഡ്പുർ, ഷില്ലോങ്, കൊൽക്കത്ത എന്നിവിടങ്ങളിലായിട്ടാണ് മത്സരം നടക്കുന്നതെങ്കിലും കൊൽക്കത്തയിലാണ് ടൂർണമെന്റിലെ കൂടുതൽ മത്സരങ്ങൾക്കും വേദി ഒരുക്കിയിരിക്കുന്നത്. റൗണ്ട് റോബിൽ ഫോർമാറ്റിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 43 മത്സരങ്ങളായിരിക്കും ടൂർണമെന്റിൽ ഉണ്ടാവുക.
മുംബൈ സിറ്റി എഫ്.സി, പഞ്ചാബ് എഫ്.സി, സി.ഐ.എസ്.എഫ് പ്രൊട്ടക്ടേഴ്‌സ് എഫ്.സി എന്നിവരുൾപ്പെടുന്ന ഗ്രൂപ്പ് സിയിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഉള്ളത്. ഇത്തവണ ഡ്യൂറണ്ട് കപ്പ് സ്വന്തമാക്കണമെന്ന് മോഹവുമായി എത്തുന്ന ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ തായ്‌ലൻഡിൽ പ്രീ സീസൺ മത്സരത്തിലാണ്. ഇന്നലെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പ്രീസീസൺ മത്സരം. ആദ്യ പ്രീ സീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് 2-1 എന്ന സ്‌കോറിന് പട്ടായ എഫ്.സിയോട് തോറ്റിരുന്നു. തായ്‌ലൻഡിൽ രണ്ട് പ്രീ സീസൺ മത്സരംകൂടി ബ്ലാസ്റ്റേഴ്‌സ് കളിച്ചതിന് ശേഷമായിരിക്കും ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കാൻ ബ്ലാസ്റ്റേഴ്‌സ് നാട്ടിലേക്ക് തിരിക്കുക.
ഗ്രൂപ്പുകൾ
എ: മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ഇന്ത്യൻ എയർഫോഴ്‌സ്, ഡൗൺടൗൺ ഹീറോസ് എഫ്.സി.
ബി: ബംഗളൂരു എഫ്.സി, ഇന്റർ കാശി എഫ്.സി, ഇന്ത്യൻ നേവി, മുഹമ്മദൻസ്.
സി: കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ, പഞ്ചാബ്, സി.ഐ.എഫ്.എഫ്
ഡി: ജംഷഡ്പുർ, ചെന്നൈയിൻ, ഇന്ത്യൻ ആർമി, ബംഗ്ലാദേശ് ആർമി.
ഇ: ഒഡിഷ, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, ബോഡോലാൻഡ് എഫ്.സി, ബി.എസ്.എഫ്.
എഫ്: ഗോവ, ഹൈദരാബാദ്, ഷില്ലോങ് ലജോങ്, ട്രിബുവാന ആർമി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."