ഡൽഹിയിൽ നിന്ന് അമേരിക്കയിലേക്ക് പോയ വിമാനം റഷ്യയിൽ ഇറക്കി
ന്യൂഡൽഹി: ഡൽഹിയിൽ നിന്നും അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട വിമാനം റഷ്യയിലേക്ക് വഴിതിരിച്ചു വിട്ടു. എയർ ഇന്ത്യയുടെ എ.ഐ 183ാം നമ്പർ വിമാനമാണ് റഷ്യയിലെ ക്രാസ്നോയാർസ്ക് ഇന്റർനാഷണൽ എയർപോർട്ടിൽ അടിയന്തര ലാൻഡിങ് നടത്തിയത്. സാങ്കേതിക തകരാർ മൂലമാണ് ലാൻഡിങ് നടത്തിയതെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
കാർഗോ ഏരിയയിലാണ് സാങ്കേതിക പ്രശ്നം കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ്ങെന്നും കമ്പനി വ്യക്തമാക്കി. വിമാനത്തിൽ 225 യാത്രക്കാരും 19 ജീവനക്കാരും ഉൾപ്പെടെ 224 പേരാണ് ഉണ്ടായിരുന്നത്. ലാൻഡിങ്ങിന് പിന്നാലെ എല്ലാവരെയും വിമാനത്താവളത്തിലെ ടെർമിനൽ ബിൽഡിങ്ങിലേക്ക് മാറ്റിയെന്നും എയർ ഇന്ത്യ അറിയിച്ചു. വിമാനം സുരക്ഷിതമായാണ് റൺവേയിൽ ലാൻഡ് ചെയ്തതത്. യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, എയർ ഇന്ത്യക്ക് ക്രാസ്നോയാർസ്ക് വിമാനത്താവളത്തിൽ സ്റ്റാഫുകൾ ഇല്ലാത്തതിനാൽ യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ മറ്റൊരു കമ്പനിയെ എയർ ഇന്ത്യ നിയോഗിച്ചിട്ടുണ്ട്. വിമാനത്താവള അധികൃതരുമായും സർക്കാർ വൃത്തങ്ങളും സംസാരിക്കുന്നുണ്ട്. യാത്രക്കാർക്ക് വൈകാതെ സാൻഫ്രാൻസിസ്കോയിലേക്ക് പോവാനായി പകരം വിമാനം ഏർപ്പെടുത്തുമെന്നും എയർ ഇന്ത്യ കമ്പനി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."