ഗുരുവായൂര്‍ നഗരസഭാ കൗണ്‍സിലില്‍ ബഹളം; അഞ്ചു മിനിറ്റു കൊണ്ട് യോഗം അവസാനിപ്പിച്ചു
ഗുരുവായൂര്‍: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ, പ്രതിപക്ഷാംഗങ്ങളുടെ വാക്കേറ്റവും ബഹളവും. അഞ്ചു മിനിറ്റുകൊണ്ട് കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നതുള്‍പ്പെടെയുള്ള സുപ്രധാന അജണ്ടകള്‍ ചര്‍ച്ചചെയ്യാതെയാണ് യോഗം പിരിച്ചുവിട്ടത്. ഇന്നലെ ഉച്ചക്കു ശേഷം 2.30ന് കൗണ്‍സില്‍ യോഗം ചേര്‍ന്ന ഉടനെ പ്രതിപക്ഷ കൗണ്‍സിലര്‍ ടി.കെ ഹംസ 2007 ല്‍ നഗരസഭ ഏറ്റെടുത്ത ഭൂമി അന്യാധീനപ്പെട്ടതു സംബന്ധിച്ച് അടിയന്തിര പ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അധ്യക്ഷ അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന് ഹംസ വായ് മൂടിക്കെട്ടി നടുത്തളത്തിലിരുന്നു. ഈ സമയമൊക്കെയും കൗണ്‍സില്‍ ക്ലര്‍ക്ക് അജണ്ടകള്‍ നിര്‍ത്താതെ വായിക്കുകയായിരുന്നു.
ഇതില്‍ ക്ഷുഭിതരായ പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ ക്ലര്‍ക്കിന്റെ മൈക്കും അജണ്ടയും പിടിച്ചുവാങ്ങി. ഇതു തടയാന്‍ ഭരണപക്ഷ അംഗങ്ങള്‍ മുതിര്‍ന്നതോടെ കൗണ്‍സില്‍ ഹാള്‍ ബഹളത്തില്‍ മുങ്ങി. ഇതോടെ അജണ്ടകളെല്ലാം പാസായതായി പ്രഖ്യാപിച്ചു ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ ശാന്തകുമാരി യോഗം പിരിച്ചുവിട്ട് ഇറങ്ങിപ്പോയി.
ചെയര്‍പേഴ്‌സണോടൊപ്പം ഭരണപക്ഷ അംഗങ്ങളും ഇറങ്ങിപ്പോയെങ്കിലും പ്രതിപക്ഷം സീറ്റുകളില്‍ തന്നെ ഇരുന്നു. കൗണ്‍സിലിനേയും അംഗങ്ങളേയും മാനിക്കാതെയാണ് ചെയര്‍പേഴ്‌സന്റെ പ്രവര്‍ത്തനമെന്ന് പ്രതിപക്ഷ നേതാക്കള്‍ പിന്നീട് പറഞ്ഞു. ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതു നിര്‍ത്തലാക്കണമെന്നും ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."