എ.ഐ.വൈ.എഫ് നേതാവ് ഷാഹിനയുടെ മരണത്തിൽ അന്വേഷണം ശക്തമാക്കി പൊലിസ്; ഫോറൻസിക്, വിരലടയാള പരിശോധന നടത്തി
പാലക്കാട്: മണ്ണാർക്കാട് എ.ഐ.വൈ.എഫ് നേതാവ് ഷാഹിനയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലിസ്. ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയ വടക്കുമണ്ണത്തെ വാടക വീട്ടിൽ പൊലിസ് വിശദ പരിശോധന നടത്തി. ഫോറൻസിക്, വിരലടയാള വിദഗ്‌ധൻ എന്നിവരുൾപ്പെടെയുള്ള സംഘമാണ് പരിശോധന നടത്തിയത്. മരണകാരണമെന്തെന്ന് ഇതുവരെ വ്യക്തമാകാത്ത സാഹചര്യത്തിലാണ് സംഭവം നടന്ന വീട്ടിൽ പൊലിസ് വിശദമായ പരിശോധന നടത്തിയത്.
എ.ഐ.വൈ.എഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും മണ്ണാർക്കാട് മണ്ഡലം ജോ.സെക്രട്ടറിയുമായ ഷാഹിനയെ തിങ്കളാഴ് രാവിലെയാണ് വടക്കുമണ്ണത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 31 വയസായിരുന്നു. എടേരം മൈലം കോട്ടിൽ സാദിഖിന്റെ ഭാര്യയാണ്. ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സംഘടന പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ഷാഹിന. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലിസ് അന്വേഷണം തുടങ്ങിയത്.
ഷാഹിനയെ മരിച്ച നിലയിൽ കണ്ടെത്തിയ വീടിന്റെ വാതിലുകൾ, മരിച്ച മുറി, വീടിൻറെ പരിസരം എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പൊലിസ് പരിശോധന നടത്തിയത്. വിദഗ്ദർ വിലടയാളങ്ങളും ശേഖരിച്ചു. ഷാഹിനയുടെ ഡയറി, ഫോൺ എന്നിവ പൊലിസ് കസ്‌റ്റഡിയിൽ എടുത്ത് പരിശോധിക്കുകയാണ്. ഷാഹിനയുടെ എടേരത്തെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയും എടുത്തിട്ടുണ്ട്. ഇവർ ജോലി ചെയ്‌തിരുന്ന വെളിച്ചെണ്ണ വിപണന സ്‌ഥാപനവുമായി ബന്ധപ്പെട്ടും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
അതേസമയം സ്വാഭാവിക നടപടിയുടെ ഭാഗമായാണ് പരിശോധനയെന്ന് പൊലിസ് വ്യക്തമാക്കി. മരണത്തിൽ ദുരൂഹത ആരോപിച്ച് ആരും പരാതി ഇതുവരെ നൽകിയിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി. എന്നാൽ, മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാണ് പാർട്ടി പ്രവർത്തകരുടെയും നാട്ടുകാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."