20 സെക്കന്റിൽ ഇനി ഇമിഗ്രേഷൻ പൂർത്തിയാക്കാം; സ്മാർട്ട് ഗേറ്റുമായി സ്മാർട്ടാവാൻ കൊച്ചി വിമാനത്താവളം
കൊച്ചി: സ്മാർട്ടാവുന്ന കൊച്ചിക്ക് മുൻപേ അതിവേഗം സ്മാർട്ടാവാൻ ഒരുങ്ങി കൊച്ചി രാജ്യാന്തര വിമാനത്താവളം. 20 സെക്കന്റിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള സൗകര്യം അതിവേഗം ഒരുക്കാനൊരുങ്ങുകയാണ് സിയാൽ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ 'ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാം' വഴിയാണ് സിയാലിൽ ഫാസ്റ്റ് ട്രാക്ക് സംവിധാനം ഒരുങ്ങുന്നത്. ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യുന്ന സ്മാർട്ട് ഗേറ്റ് പദ്ധതിയുടെ പരീക്ഷണം തിങ്കളാഴ്ച ആരംഭിക്കും.
നിലവിൽ രാജ്യത്ത് ഡൽഹി വിമാനത്താവളത്തിൽ മാത്രമുള്ള സംവിധാനമാണ് കൊച്ചിയിലും ഒരുങ്ങുന്നത്. ഇതോടെ നീണ്ട വരികളിലെ കാത്തുനിൽപ്പ് ഒഴിവാക്കാം എന്നതാണ് പ്രധാന നേട്ടം. ഉദ്യോഗസ്ഥരുമായുള്ള മുഷിച്ചിലും രേഖകൾ പൂരിപ്പിക്കുന്ന ചടങ്ങുകളും ഒഴിവാക്കാം. നാഷണൽ ബ്യൂറോ ഓഫ് ഇമിഗ്രേഷന് ആണ് സ്മാർട്ട് ഗേറ്റിന്റെ നടത്തിപ്പുചുമതല. ആഗമന, പുറപ്പെടൽ ഏരിയയിൽ നാല് വീതം ലൈനുകളിലാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ നടപ്പിലാക്കുക. തുടക്കത്തിൽ ഇന്ത്യൻ പൗരൻമാർക്കും ഒ.സി.ഐ കാർഡുള്ളവർക്കുമാണ് ഈ സൗകര്യം ഉപയോഗിക്കാനാവുക.
ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ പോർട്ടലിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തണം. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ, ബയോമെട്രിക് എൻറോൾമെന്റ് എന്നിവ ഇതിലൂടെ ചെയ്യണം. അത് കഴിഞ്ഞാൽ യാത്രകളിൽ സ്മാർട്ട് ഗേറ്റ് സംവിധാനം ഉപയോഗിക്കാം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെൻറ് കൗണ്ടറുകൾ കൊച്ചി വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.
കൊച്ചി വിമാനത്താവളത്തിലെ സ്മാർട് ഗേറ്റിലെത്തിയാൽ ആദ്യം ചെയ്യേണ്ടത് പാസ്‌പോർട്ട് സ്‌കാൻ ചെയ്യുക എന്ന നടപടിക്രമമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ പോർട്ടലിൽ രജിസ്‌റ്റ്രേഷൻ നടത്തിയിട്ടുണ്ടെങ്കിൽ സ്മാർട്ട് ഗേറ്റ് നിങ്ങൾക്ക് മുൻപിൽ താനെ തുറക്കും. അതുകടന്നു കഴിഞ്ഞാൽ രണ്ടാം ഗേറ്റിലെ ക്യാമറയിൽ മുഖം കാണിക്കണം. ബയോമെട്രിക് എൻറോൾമെന്റ് നടത്തിയപ്പോൾ ശേഖരിച്ച നിങ്ങളുടെ രേഖകൾ മുഖം വഴി തിരിച്ചറിയുന്നതോടെ ആ ഗേറ്റ് നിങ്ങൾക്ക് മുൻപിൽ തുറക്കും. ഇതോടെ ഇമിഗ്രേഷൻ നടപടി പൂർത്തിയായി.
പാസ്പോർട്ട് സ്കാനിംഗ് മുതൽ ഇത്തരത്തിൽ നടപടികൾ പൂർത്തിയാക്കാൻ ഒരാൾക്ക് പരമാവധി കണക്കാക്കപ്പെടുന്ന സമയം 20 സെക്കൻറാണ്. ചെക്ക്-ഇൻ കഴിഞ്ഞാൽ പിന്നീട് 20 സെക്കൻറിൽ സുരക്ഷാ പരിശോധനയ്ക്ക് എത്തുന്ന വിധത്തിലാണ് സംവിധാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."