മുംബൈയില്‍ കനത്തമഴ തുടരുന്നു; 5 ഇടങ്ങളില്‍ റെഡ് അലര്‍ട്ട്, ജാഗ്രതാ നിര്‍ദ്ദേശം
മുംബൈ: മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച്ചയും പലയിടത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധയിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. പൂനെ, മുംബൈ, പാല്‍ഗര്‍, താനെ, റായ്ഗഡ് എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് ജനങ്ങളോട് മുബൈ പൊലിസ് നിര്‍ദേശിച്ചു. അതേസമയം, സ്‌കൂളുകളും കോളജുകളും വെള്ളിയാഴ്ച സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുമെന്ന് ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.
മുംബൈയില്‍ മാത്രം 160 ഓളം പേരെയാണ് കനത്ത മഴയെത്തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ചത്. കനത്ത മഴ കണക്കിലെടുത്ത് എല്ലാ വിമാനക്കമ്പനികളും ഇന്നലെ വൈകുന്നേരം യാത്രാ അറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെ 11 വിമാനങ്ങളാണ് റദ്ദാക്കിയത്. ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയോ ഭാഗികമായി റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനത്തുടനീളം എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, ആര്‍മി, നേവി, പൊലിസ്, അഗ്‌നിശമന സേന, ഡോക്ടര്‍മാര്‍ എന്നിവരുടെ സംഘങ്ങളെ സജ്ജമാക്കിയതായി യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ഹെലികോപ്റ്ററുകള്‍ വിന്യസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷിന്‍ഡെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."