അര്‍ജുന് വേണ്ടി സാധ്യമായ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരും; എന്ത് പ്രതിസന്ധിയുണ്ടെങ്കിലും തിരച്ചില്‍ തുടരും; ഉന്നതതല യോഗ തീരുമാനം
മംഗളൂരൂ: കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ അടക്കമുള്ളവരെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എന്ത് പ്രതിസന്ധിയുണ്ടെങ്കിലും തിരച്ചില്‍ തുടരുമെന്നും ഉന്നതതല യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.
കാലാവസ്ഥ അനുകൂലമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവും. സാധ്യമാവുന്ന പുതിയ രീതികള്‍ അലവംബിക്കും. മൂന്ന് പേരെയും കണ്ടെത്താനുള്ള ശ്രമം തുടരുമെന്നും, കൂട്ടായി ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല നേവല്‍ വിഭാഗത്തിനോട് ശ്രമം തുടരാന്‍ കലക്ടറും യോഗത്തില്‍ പങ്കെടുത്തവും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അര്‍ജുന് പുറമെ രണ്ട് പേരെകൂടി കാണാതായിട്ടുണ്ട്. മൂവരെയും കണ്ടെത്തും വരെ തെരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയിലിയും പറഞ്ഞു.
സിഗ്നല്‍ ലഭിച്ച സ്ഥലത്ത് ശക്തമായ അടിയൊഴുക്കാണുള്ളത്. അതിനാല്‍ നേവിക്ക് അവിടം വിദഗ്ദ പരിശോധന നടത്താന്‍ സാധിക്കുന്നില്ല. പുഴയില്‍ ഇതുവരെ മനുഷ്യ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും പുഴയില്‍ ഡ്രഡ്ജിങ് നടത്തുക നിലവില്‍ അസാധ്യമായ കാര്യമാണെന്നും ജില്ല കലക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസിന് പുറമെ, എം.കെ രാഘവന്‍ എം.പി, എം.എല്‍.എമാരായ എ.കെ.എം അഷ്‌റഫ്, സച്ചിന്‍ ദേവ്, ലിന്റോ ജോസഫ്, ഉത്തര കന്നഡ ജില്ല കലക്ടര്‍ ലക്ഷ്മിപ്രിയ, കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയിലി, എസ്.പി എം നാരായണ തുടങ്ങിയവരാണ് ഉന്നതതല യോഗത്തില്‍ പങ്കെടുത്തത്.
അതേസമയം അര്‍ജുന് വേണ്ടിയുള്ള തെരച്ചിലില്‍ സിഗ്‌നല്‍ ഉണ്ടെന്ന് ഉറപ്പിച്ച ആദ്യ ഭാഗത്ത് ഇറങ്ങുന്നതിന് തന്നെയാണ് ആദ്യ പരിഗണനയെന്ന് സൈന്യം അറിയിച്ചു. സോണാര്‍, റഡാര്‍, ഐബോഡ് എന്നീ പരിശോധനകളില്‍ കിട്ടിയ സിഗ്‌നല്‍ ലഭിച്ച സ്ഥലത്താകും പരിശോധന. ഈ മൂന്ന് തരം പരിശോധനാ സംവിധാനങ്ങളില്‍ ഉറപ്പിച്ച പോയന്റാണിത്. പുതിയ പോയന്റിന് പഴയ പോയന്റുകളെക്കാള്‍ കൂടുതല്‍ സാധ്യത കല്‍പിക്കാന്‍ കഴിയില്ലെന്നും സൈന്യം പറയുന്നു. നിലവില്‍ അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചില്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.
search will continue no matter what the crisis says minister
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."