അഞ്ചുവർഷത്തിൽ വിദേശത്ത് മരിച്ചത് 633 ഇന്ത്യൻ വിദ്യാർഥികൾ; കൂടുതൽ കാനഡയിൽ
ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിദേശ രാജ്യങ്ങളിൽ 633 ഇന്ത്യൻ വിദ്യാർഥികൾ മരിച്ചതായി വിദേശകാര്യ മന്ത്രാലയം. ആക്രമണങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, അപകടങ്ങൾ, ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങി വിവിധ കാരണങ്ങളാണ് മരണത്തിന് പിന്നിലുള്ളതെന്നും മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച കണക്കുകൾ പറയുന്നു.
കാനഡയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പറഞ്ഞു. 172 ഇന്ത്യൻ വിദ്യാർഥികളുടെ മരണം കാനഡയിൽ റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ 108 പേരും ബ്രിട്ടനിൽ 58 പേരും ഓസ്‌ട്രേലിയയിൽ 57 പേരും റഷ്യയിൽ 37 പേരും ജർമനിയിൽ 24 പേരും മരിച്ചു. ഒരു ഇന്ത്യൻ വിദ്യാർഥി പാകിസ്ഥാനിലും മരിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിദേശത്തുണ്ടായ മരണങ്ങളിൽ 19 എണ്ണവും അക്രമത്തെ തുടർന്നാണെന്നാണ് റിപ്പോർട്ട്. അക്രമം കാരണമുള്ള മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തതും കാനഡയിലാണ്. ഒമ്പത് മരണങ്ങൾ ഇവിടെയുണ്ടായി. അമേരിക്കയിൽ ആറ് അക്രമ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയ, ചൈന, യു.കെ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ ഓരോ വിദ്യാർഥികൾ അക്രമത്തിൽ മരിച്ചു.
അതേസമയം 101 രാജ്യങ്ങളിലായി 13.35 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ടെന്നു കേന്ദ്രം അറിയിച്ചു. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്നത് കാനഡയിലാണ്. 4.27 ലക്ഷം വിദ്യാർഥികൾ. യു.എസിലും യൂറോപ്യൻ രാജ്യങ്ങളിലുമാണ് കൂടുതൽ ഇന്ത്യൻ വിദ്യാർഥികളും പഠിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."