അബ്ദുഹ്മാന്‍ അല്‍ ഖാസിമിയുടെ വിയോഗത്തില്‍ വേദനിച്ച് അല്‍ഐനിലെ പ്രവാസ ലോകം
അല്‍ ഐന്‍: അല്‍ ഐനിലെ അല്‍ കറിയയില്‍ ദീര്‍ഘകാലം ഔഖാഫ് മസ്ജിദ് ഇമാമായി സേവനമനുഷ്ഠിച്ച മലപ്പുറം പാങ്ങ് സ്വദേശി അബ്ദുറഹ്മാന്‍ അല്‍ ഖാസിമി നാട്ടില്‍ വാഹനാപകടത്തില്‍ അന്തരിച്ച വാര്‍ത്ത അല്‍ ഐനിലെ പ്രവാസ സമൂഹത്തെയും ദു:ഖത്തിലാഴ്ത്തി.
സമസ്ത സ്ഥാപക നേതാവ് പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ സഹോദര പുത്രനായ അബ്ദുറഹ്മാന്‍ അല്‍ ഖാസിമി നാട്ടില്‍ കഴിഞ്ഞ ദിവസം പ്രഭാത നടത്തത്തിനിടെ വാഹനാപകടത്തിലാണ് മരിച്ചത്. ഉടന്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിക്കെ കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്.
അല്‍ ഐനിലെ സൂഫിവര്യനായിരുന്ന അത്തിപ്പറ്റ മുഹ് യുദ്ദീന്‍കുട്ടി മുസ് ലിയാരുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അബ്ദുഹിമാന്‍ അല്‍ ഖാസിമി, അല്‍ഐന്‍ സുന്നി സെന്ററിന്റെ എല്ലാ പരിപാടികളിലും നിറസാന്നിധ്യമായിരുന്നു. മുന്‍ കാലങ്ങളില്‍ അല്‍ഐന്‍ സുന്നി സെന്ററിന് കീഴില്‍ അല്‍ ഐന്‍ ബസ് സ്റ്റാൻഡ് പള്ളിയില്‍ റമദാന്‍ ഇരുപത്തിയേഴാം രാവില്‍ പൊതുപ്രാര്‍ഥനക്ക് നേതൃത്വം നല്‍കാന്‍ അത്തിപ്പറ്റ മുഹ് യുദ്ദീന്‍കുട്ടി മുസ് ലിയാർ ചുമതലപ്പെടുത്തിയിരുന്നത് അബ്ദുറഹ്മാന്‍ അല്‍ഖാസിമിയെയായിരുന്നു.
ഔഖാഫിന് കീഴില്‍ ദീര്‍ഘ കാലം ദീനീ പ്രബോധനം നടത്തിയ കര്‍മയോഗിയായിരുന്ന അദ്ദേഹം മത, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിശ്ശബ്ദ പ്രചാരകനും, വിശുദ്ധ ഖുര്‍ആന്റെ ആഴങ്ങളിലേക്ക് സമൂഹത്തെ കൊണ്ടുപോയ പണ്ഡിത പ്രതിഭയുമായിരുന്നു.
ലോകോത്തര പണ്ഡിതര്‍ രചിച്ച കിതാബുകള്‍ ഉള്‍പ്പെടെ വിവിധ ഭാഷകളിലെ ഗ്രന്ഥങ്ങളുടെ വന്‍ ശേഖരമടങ്ങിയ 'ഖുത്ബ് ഖാന' സ്വന്തമായുണ്ടായിരുന്ന അദ്ദേഹം, നടപ്പിലും ഇരിപ്പിലും പെരുമാറ്റത്തിലും അടിമുടി വിനയാന്വിത ജീവിതം നയിച്ച
വ്യക്തിത്വമായിരുന്നു. അറബ് പ്രമുഖരുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുത്ത ബന്ധം നാട്ടില്‍ അനേകം മസ്ജിദുകള്‍ നിര്‍മിക്കപ്പെടാന്‍ സഹായിച്ചിട്ടുണ്ട്.
പാങ്ങ് വാഫി കാമ്പസിലെ മസ്ജിദുത്തഖ്‌വയും, പാങ്ങ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിനോട് ചേര്‍ന്നുള്ള മസ്ജിദ് ഉമറുല്‍ ഫാറൂഖും, പാങ്ങ് ടൗണ്‍ മസ്ജിദും, പെരിന്തല്‍മണ്ണക്കടുത്ത് സ്ഥാപിക്കപ്പെട്ട പാങ്ങില്‍ ഉസ്താദ് വനിതാ ഹിഫ്‌ള് കോളജും അവയില്‍ ചിലത് മാത്രം. അബ്ദുഹ്മാന്‍ അല്‍ ഖാസിമിയുടെ വേര്‍പാടില്‍ അല്‍ഐന്‍ സുന്നി സെന്റര്‍ അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."