അർജുന് വേണ്ടിയുള്ള തിരച്ചിൽ 14-ാം ദിവസത്തിലേക്ക്; കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രം പുഴയിൽ തിരച്ചിൽ
കോഴിക്കോട്/ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് 14-ാം ദിവസത്തിലേക്ക്. എന്നാൽ കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ ഇന്ന് നദിയിൽ ഇറങ്ങി പരിശോധിക്കൂ. ഗംഗാവാലി പുഴയിൽ ശക്തമായ അടിയൊഴുക്ക് ആണ് ഉള്ളത്. അടിയൊഴുക്ക് കുറവാണെങ്കിൽ ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കും. അടുത്ത 21 ദിവസം ഷിരൂരിൽ മഴ പ്രവചിച്ചതിനാലാണ് കാലാവസ്ഥ അനുകൂലമായാൽ തിരച്ചിൽ എന്ന തീരുമാനമെടുക്കാൻ കാരണമായത്.
അതേസമയം, പുഴയിൽ നിന്ന് മണ്ണ് നീക്കിയുള്ള പരിശോധനയ്ക്ക് വേണ്ടി 24 മണിക്കൂറിനകം ഡ്രഡ്ജിങ് യന്ത്രം എത്തിക്കാമെന്ന് എം.വിജിൻ എം.എൽ.എ അറിയിച്ചു. പ്രായോഗിക പരിശോധനയ്ക്ക് ശേഷം മാത്രം യന്ത്രം എത്തിച്ചാൽ മതിയെന്നാണ് കർണാടക അറിയിച്ചത്. പരിശോധനയ്ക്കായി തൃശൂരിലെ ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഓപ്പറേറ്റർ ഉടൻ ഷിരൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രണ്ട് അസി ഡയറക്ടർ, മിഷീൻ ഓപ്പറേറ്റർ എന്നിവരാണ് ഉടൻ ഷിരൂരിൽ എത്തുക. ഇവർ സ്ഥലത്ത് ഡ്രഡ്ജിങ്ങ് യന്ത്രം അനുയോജ്യമാണോ എന്ന് പരിശോധിക്കും
തിരച്ചിൽ അവസാനിപ്പിക്കുമെന്ന വിവരം വേദനയുണ്ടാക്കിയതായി അർജുന്റെ സഹോദരി അഞ്ജു പറഞ്ഞു. തിരച്ചിൽ താൽകാലികമായി നിർത്തിവയ്ക്കാൻ ആയിരുന്നു കർണാടകയുടെ തീരുമാനം. കേരളത്തിന്റെ ആവശ്യം മറികടന്നുകൊണ്ടാണ് കർണാടക തിരച്ചിൽ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ഇന്നലെ വൈകിട്ട് നടന്ന ഉന്നതതലയോഗത്തിന് ശേഷമാണ് കർണാടക ഔദ്യോഗിക തീരുമാനം അറിയിച്ചത്. ഇതോടെ പ്രതികൂല കാലാവസ്ഥയിലും 13 ദിവസമായി തുടരുന്ന ദൗത്യമാണ് ഫലം കാണാതെ നിർത്തിവയ്ക്കുന്നത്. അർജുൻ സഞ്ചരിച്ച ട്രക്കിനായി ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തണമെങ്കിൽ കുത്തൊഴുക്ക് കുറയണമെന്ന് കാർവാർ എം.എൽ.എ സതീഷ് സെയിൽ വ്യക്തമാക്കി. യന്ത്രങ്ങൾ എത്തിച്ച ശേഷമേ തിരച്ചിൽ പുനരാരംഭിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പുഴയിൽ തിരച്ചിൽ തുടരണമെന്നും നിർത്തിവയ്ക്കരുതെന്നും സംയുക്ത യോഗത്തിൽ ആവശ്യപ്പെട്ടിരുന്നതായി എം.വിജിൻ എം.എൽ.എ അറിയിച്ചു. തിരച്ചിൽ നിർത്തുന്ന വിവരം ഇന്നലെ രാവിലെയാണ് പുറത്തുവന്നത്. കർണാടകയുടെ നടപടിയിൽ കേരളത്തിൽ നിന്നുള്ള മന്ത്രിയും എം.എൽ.എമാരും അർജുന്റെ ബന്ധുക്കളും പ്രതിഷേധമറിയിച്ചിരുന്നു. തിരച്ചിൽ തുടരണമെന്ന് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക്, മുഖ്യമന്ത്രി പിണറായി വിജയൻ കത്തും അയച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദേശം നൽകണമെന്നായിരുന്നു കത്തിൽ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ നടന്ന സംയുക്തയോഗത്തിലാണ് ഒഴുക്ക് കുറഞ്ഞാൽ പരിശോധന തുടരുമെന്ന് കർണാടക അറിയിച്ചത്.
അതിനിടെ, ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളി സംഘം രണ്ടാംദിവസവും പരിശോധനക്കിറങ്ങിയെങ്കിലും അടിയൊഴുക്ക് കാരണം ട്രക്കിനടുത്തെത്തി പരിശോധിക്കാൻ സാധിച്ചില്ല. തുടർന്ന് ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. ഗംഗാവലി അപകടം നിറഞ്ഞ നദിയെന്നും ഇങ്ങനെയൊരു ദൗത്യം ആദ്യമാണെന്നും ഈശ്വർ മൽപെ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം റിസ്‌കിലാണ് പുഴയിൽ ഇറങ്ങിയത്. അടിയൊഴുക്ക് ശക്തമാണ്. മുങ്ങുമ്പോൾ ഒന്നും കാണാനാകുന്നില്ല. കണ്ണുകെട്ടി ഇറങ്ങുന്നതുപോലെയാണ്. ഇതുവരെ തകരഷീറ്റുകളും തടികളും വൈദ്യുതി കമ്പികളുമാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 16 ന് രാവിലെ 8.30 ഓടെയാണ് കന്യാകുമാരി-പൻവേൽ ദേശീയപാത 66ൽ മംഗളൂരു -ഗോവ റൂട്ടിൽ അങ്കോളയ്ക്ക് സമീപം ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."