വാട്‌സ്ആപ്പും മെറ്റയും ഇന്ത്യയിലെ സേവനങ്ങൾ അവസാനിപ്പിക്കുന്നു? വിവരങ്ങൾ വ്യക്തമാക്കി ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: രാജ്യത്ത് ഏറെ പ്രചാരമുള്ള ചാറ്റിങ് ആപ്പായ വാട്‌സ്ആപ്പും അതിൻ്റെ മാതൃ കമ്പനിയായ മെറ്റയും ഇന്ത്യയിൽ തങ്ങളുടെ സേവനങ്ങൾ നിർത്തലാക്കാനുള്ള പദ്ധതിയുണ്ടെന്ന കാര്യത്തിൽ വ്യക്തതയുമായി ഐ ആൻഡ് ബി മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിൽ സേവനങ്ങൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാരിനെ വിവരമൊന്നും അറിയിച്ചിട്ടില്ലെന്ന് മന്ത്രി വെള്ളിയാഴ്ച രാജ്യസഭയെ അറിയിച്ചു.
വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ മെറ്റാ അത്തരം പദ്ധതികളൊന്നും സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) അറിയിച്ചതായി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു.
ഉപഭോക്താക്കളുടെ വിവരങ്ങൾ പങ്കിടാനുള്ള സർക്കാരിൻ്റെ നിർദ്ദേശം കാരണം ഇന്ത്യയിൽ വാട്ട്‌സ്ആപ്പ് അതിൻ്റെ സേവനങ്ങൾ അവസാനിപ്പിക്കാൻ പദ്ധതിയിടുകയാണോ എന്ന് കോൺഗ്രസ് അംഗം വിവേക് തൻഖയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന കാര്യം ചൂണ്ടികാണിച്ചായിരുന്നു കോൺഗ്രസ് എം.പിയുടെ ചോദ്യം.
ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, മറ്റു രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധങ്ങൾ എന്നിവയെ മുൻനിർത്തിയാണ് 2000 ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69 എ പ്രകാരം കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
അതേസമയം, സന്ദേശങ്ങളുടെ എൻക്രിപ്ഷൻ തകർക്കാൻ സർക്കാർ നിർബന്ധിച്ചാൽ ഇന്ത്യയിൽ പ്രവർത്തനം നിർത്തുമെന്ന് വാട്‌സ്ആപ്പ് ഈ വർഷം ആദ്യം ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, വാട്‌സ്ആപ്പും അതിൻ്റെ മാതൃ കമ്പനിയായ മെറ്റയും പുതുതായി ഭേദഗതി ചെയ്ത ഐ.ടി ചട്ടങ്ങൾ അനുസരിച്ച് സർക്കാരിന്റെ അവകാശം ലംഘിക്കുന്നുവെന്നും ഭരണഘടനാ വിരുദ്ധമാണെന്നും വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."