വയനാട് ഉരുള്‍പൊട്ടല്‍: നിലമ്പൂര്‍ ചാലിയാറില്‍ നിന്ന് ആറിലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
നിലമ്പൂര്‍: നിലമ്പൂര്‍ ചാലിയാര്‍ പുഴയില്‍ നിന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. നിലമ്പൂര്‍ പോത്തുകല്ല് കുമ്പളപ്പാറ കോളനി ഭാഗത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങളാണ് ഇതെന്ന് സംശയിക്കുന്നു. ഉരുള്‍പൊട്ടലുണ്ടായ ഭാഗത്തുനിന്ന് 20ഓളം കിലോമീറ്റര്‍ അകലെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്ത സ്ഥലം.
ാെരു കുട്ടിയുടെ മൃതദേഹം മുളങ്കാട്ടില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ്. തല അറ്റ രീതിയിലാണ് ഒരു പുരുഷന്റെ മൃതദേഹം. പോത്തുകല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി വിവരമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. കനത്ത മഴയില്‍ ചാലിയാറിലും ഇരുവഴിഞ്ഞിയിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്.
അതിനിടെ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ നിന്ന് 15 മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. മുപ്പതിലേറെ പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുട്ടുകുത്തി കോളനിയില്‍നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. ഭൂതാനം മച്ചികുഴിയില്‍നിന്നു സ്ത്രീയുടെ മൃതദേഹം ലഭിച്ചു. വെള്ളിലമാട്ടുനിന്ന് ഒരു പുരുഷന്റെയും കുനിപ്പാറയില്‍നിന്ന് ഒരു കുട്ടിയുടെ മൃതദേഹവും ലഭിച്ചു.
വാഷിങ്‌മെഷീനുകളും ഗ്യാസ് സിലിണ്ടറുകളും ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ ഒഴുകിപ്പോകുന്നതു കണ്ടതായി നാട്ടുകാര്‍ പറയുന്നു. വെള്ളിലമാട് അമ്പിട്ടാന്‍പോട്ടി, പോത്തുകല്ല് പോട്ടി, മച്ചിക്കൈ, പനം കയം മേഖലകളില്‍ വെള്ളം കയറി. ഇവിടെ ഇരുകരകളിലും താമസിക്കുന്നവരെ ഒഴിപ്പിക്കുന്നുണ്ട്.
പുലര്‍ച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരല്‍മല സ്‌കൂളിനു സമീപം രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായത്. നിരവധിപേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴ തുടരുകയാണ്.
ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്. പാലം തകര്‍ന്നതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
മേഖലയില്‍ നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. പ്രദേശത്തെ പ്രധാന റോഡും ചൂരല്‍മല ടൗണിലെ പാലവും തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി സംബന്ധിച്ച വിവരം വ്യക്തമല്ല. പൊലീസും ഫയര്‍ഫോഴ്‌സും ജനപ്രതിനിധികളും നിലവില്‍ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. വൈത്തിരി താലൂക്ക്, വെള്ളരിമല വില്ലേജ്, മേപ്പാടി പഞ്ചായത്ത് എന്നിവിടങ്ങളിലായാണ് ഉരുള്‍ പൊട്ടിയത്.
താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങള്‍ക്ക് മാത്രമാണ് യാത്രാനുമതി. ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കണം. ഉരുള്‍പൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യം കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ സഹായം ലഭ്യമാവാന്‍ 9656938689, 8086010833 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം
ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ രക്ഷാ പ്രവര്‍ത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംഭവം അറിഞ്ഞതു മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോജിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെ വയനാട്ടിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. പോലീസ് നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍വിസുകള്‍ നിര്‍ത്തിവെച്ചതെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."