വീടൊന്നു കുലുങ്ങി, ഞങ്ങള്‍ കെട്ടിപ്പിടിച്ചു നിന്നു- രണ്ടാമതും ഉരുള്‍പൊട്ടിയപ്പോള്‍ എല്ലാം നഷ്ടമായി
മുണ്ടക്കൈ: പാഞ്ഞെത്തിയ ദുരന്തത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് വയനാടന്‍ ജനത. ഭയവും മരവിപ്പും മാത്രമല്ല തങ്ങള്‍ ഇന്നോളം നേടിയതെല്ലാം നഷ്ടപ്പെട്ടതിന്റെ വിങ്ങലിലാണ് അവര്‍. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരും ശേഷിക്കുന്നതാകട്ടെ പുതഞ്ഞുകിടക്കുന്ന ചെളിയും പാറക്കല്ലുകളും മാത്രം. വീടിനടുത്തുണ്ടായിരുന്ന യുവാവ് തന്നെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചതും രണ്ടാമത് ഉരുള്‍പൊട്ടിയതും ഒരുമിച്ചാണെന്ന് ദുരന്തം മുന്നില്‍ക്കണ്ട് ഭയന്നുവിറച്ച ഒരു വീട്ടമ്മ. വീടൊട്ടാകെയൊന്നു കുലുങ്ങി.
പോവുകയാണെങ്കില്‍ പോവട്ടെ എന്നു കരുതി ഞങ്ങള്‍ കുടുംബത്തോടെ കെട്ടിപ്പിടിച്ചു നിന്നു. ഒരു അരമണിക്കൂര്‍ അതേ നില്‍പായിരുന്നു. റെസ്‌ക്യൂ സംഘത്തില്‍പ്പെട്ട യുവാക്കള്‍ ഞങ്ങളുടെ വീടിനു മുന്നിലൂടെ പോകുന്നുണ്ടായിരുന്നു. അവര്‍ നടന്നുപോയതും രണ്ടാമതും ഉരുള്‍പൊട്ടി. അവര്‍ എവിടെയാണെന്ന് അറിയില്ല.
ഞങ്ങള്‍ക്ക് ഇനി ഒന്നും ബാക്കിയില്ല. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് തന്റെ ജീവന്‍ തിരിച്ചു കിട്ടിയതെന്ന് ദുരന്തത്തിന് ഇരയായ സ്ത്രീ പറഞ്ഞു. മലപൊട്ടിവന്നപ്പോള്‍ കിടക്കുന്നിടത്ത് ബെഡ് തന്നെ പൊങ്ങുകയായിരുന്നു. അതുകണ്ടിട്ടാണ് വെള്ളം വരുന്നുണ്ടെന്ന് മനസ്സിലായത്. അവിടെനിന്നും ഓടിരക്ഷപ്പെട്ടു. എല്ലാം പോയി, ഇനിയൊന്നുമില്ലെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."