'പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ശുദ്ധ തെമ്മാടിത്തമാണ്' ഊട്ടുപുര പൂട്ടിച്ച സംഭവത്തില്‍ പി.കെ ഫിറോസ്
കോഴിക്കോട്: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലുള്‍പ്പെടെ പങ്കാളികളായവര്‍ക്ക് സൗജന്യ ഭക്ഷണം വിളമ്പാനായി നാദാപുരം നരിപ്പറ്റയില്‍ മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് നടത്തിവന്ന ഊട്ടുപുര പൂട്ടിച്ച സംഭവത്തില്‍ സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി.
'ഡി.ഐ.ജി തോംസണ്‍ ജോസ് വന്ന് പാചകപ്പുര നിര്‍ത്താന്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനമാണെന്ന് പറഞ്ഞു. ചോദ്യം ചെയ്ത സംഘാടകരെ ഭീഷണിപ്പെടുത്തി. സങ്കടത്തോടെ അവരിന്നാ ഭക്ഷണ വിതരണം നിര്‍ത്തി. വയനാട്ടിലെ ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ന് വരെ സര്‍ക്കാറിനെതിരെ ഒരക്ഷരം ഞങ്ങളാരും പറഞ്ഞിട്ടില്ല. പരാതികളില്ലാത്തത് കൊണ്ടല്ല. ദുരന്തമുഖത്ത് ചേര്‍ന്ന് നില്‍ക്കുക എന്നത് പാര്‍ട്ടിയുടെ നിലപാടായത് കൊണ്ടാണ്' അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു
ഒട്ടേറെ പേര്‍ക്ക് സൗജന്യമായി നല്‍കിയ ഭക്ഷണ വിതരണം നിര്‍ത്തിച്ചത് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ശുദ്ധ തെമ്മാടിത്തമാണ്. നാല് ദിവസം വിശ്രമമില്ലാതെ സേവനം ചെയ്തവരെ ആക്ഷേപിച്ചത് പൊറുക്കാനാവാത്ത തെറ്റാണ്. ഇതിന് സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരൂ.- അദ്ദേഹം തുറന്നടിച്ചു.
ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ജൂലൈ 30 ന് വൈകുന്നേരം മേപ്പാടിയില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളോടൊപ്പം വൈറ്റ് ഗാര്‍ഡിന്റെ അടിയന്തിര യോഗത്തിലിരിക്കുമ്പോഴാണ് നരിപ്പറ്റയില്‍ നിന്ന് ഖമറും റഫീഖും വന്ന് പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് ഭക്ഷണം തയ്യാറാക്കി നല്‍കാമെന്നറിയിക്കുന്നത്. ഉടനെ തന്നെ പാചകം ചെയ്യുന്നതിനുള്ള സ്ഥലവും പ്രദേശത്തെ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ സഹായത്തിനായും ഏര്‍പ്പാട് ചെയ്തു.
ജൂലൈ 31ന് രാവിലെ തന്നെ അവര്‍ പാചകം ആരംഭിച്ചു. ഇന്ന് വരെ മൂന്ന് നേരം അവര്‍ ഭക്ഷണം വിളമ്പി. രക്ഷാ പ്രവര്‍ത്തനം നടത്തുന്ന സൈനികര്‍, പോലീസുകാര്‍, വളണ്ടിയര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മൃതദേഹം തെരയുന്ന ബന്ധുക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവര്‍ക്കും അവര്‍ ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തു.
ദിവസം എണ്ണായിരത്തോളം ഭക്ഷണമാണ് അവര്‍ വെച്ച് വിളമ്പിയത്. സ്‌പോണ്‍സര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് പലരും എന്നെ വിളിച്ച വിവരം അറിയിച്ചപ്പോള്‍ ഒന്നും വേണ്ടെന്നാണ് അവരെന്നോട് പറഞ്ഞത്. ദുരന്തബാധിത പ്രദേശത്തും പരിസരത്തുമുള്ള ഒരാള്‍ പോലും ഭക്ഷണം കിട്ടാതെ പ്രയാസപ്പെട്ടില്ല.
നരിപ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗിനെ കുറിച്ച്, വൈറ്റ് ഗാര്‍ഡിന്റെ പാചകപ്പുരയെ സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു. ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കി. എല്ലാവരും നല്ലത് പറഞ്ഞു.
എന്നാലിന്ന് വൈകുന്നേരത്തോടെ ഡി.ഐ.ജി തോംസണ്‍ ജോസ് വന്ന് പാചകപ്പുര നിര്‍ത്താന്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനമാണെന്ന് പറഞ്ഞു. ചോദ്യം ചെയ്ത സംഘാടകരെ ഭീഷണിപ്പെടുത്തി. സങ്കടത്തോടെ അവരിന്നാ ഭക്ഷണ വിതരണം നിര്‍ത്തി.
വയനാട്ടിലെ ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ന് വരെ സര്‍ക്കാറിനെതിരെ ഒരക്ഷരം ഞങ്ങളാരും പറഞ്ഞിട്ടില്ല. പരാതികളില്ലാത്തത് കൊണ്ടല്ല. ദുരന്തമുഖത്ത് ചേര്‍ന്ന് നില്‍ക്കുക എന്നത് പാര്‍ട്ടിയുടെ നിലപാടായത് കൊണ്ടാണ്.
എന്നാലിപ്പോള്‍ ഒട്ടേറെ പേര്‍ക്ക് സൗജന്യമായി നല്‍കിയ ഭക്ഷണ വിതരണം നിര്‍ത്തിച്ചത് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ശുദ്ധ തെമ്മാടിത്തമാണ്. നാല് ദിവസം വിശ്രമമില്ലാതെ സേവനം ചെയ്തവരെ ആക്ഷേപിച്ചത് പൊറുക്കാനാവാത്ത തെറ്റാണ്. ഇതിന് സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരൂ...
പി.കെ ഫിറോസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."