കണ്ണീരുണങ്ങാതെ മുണ്ടക്കൈ; കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും, സ്‌കൂളുകൾ പ്രവർത്തിക്കും
മേപ്പാടി: കേരത്തിന്റെ തീരാവേദനയായ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. ചൂരൽമലയിലും ചാലിയാർ പുഴയിലും ഉൾപ്പെടെയാണ് തിരച്ചിൽ. എന്നാൽ ചൂരൽമലയ്ക്ക് മുകളിലേക്ക് തിരച്ചിലിനായി പോകുന്ന ആൾക്കാരുടെ എണ്ണത്തിൽ ഇന്ന് നിയന്ത്രണം ഉണ്ടാകും. ആളുകളുടെ എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, തുടർച്ചായ അവധികൾക്ക് ശേഷം വയനാട്ടിലെ സ്കൂളുകൾ ഇന്ന് പ്രവർത്തിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്നും അവധിയായിരിക്കും.
ചാലിയാർ പുഴയിൽ ഇന്ന് വ്യാപകമായി തിരച്ചിൽ തുടരും. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ വാർഡിലും 8 മണിയോടെ തിരച്ചിൽ ആരംഭിക്കും. ഇന്നലെ തിരച്ചിലിന് പോയി വനത്തിൽ അകപ്പെട്ട സംഘത്തെ ഇന്ന് തിരികെയെത്തിക്കും. സൂചിപ്പാറയ്ക്ക് അടുത്ത് കാന്തൻപാറയിൽ കണ്ട മൃതദേഹം എടുക്കാനെത്തിയ സംഘം സമയം വൈകിയതോടെ കാട്ടിൽ തുടരുകയായിരുന്നു. രാത്രി കാട്ടാന ഇറങ്ങുന്നത് പതിവായതിനാൽ തിരികെയെത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് ഇവർ കാട്ടിൽ അകപ്പെട്ടത്. ആകെ 18 പേരാണ് സംഘത്തിലുള്ളത്. ഇവർ സുരക്ഷിതരാണെന്നും രാവിലെ തിരികെ എത്തുമെന്നും, ഫോണിൽ ബന്ധപ്പെട്ടിരുന്നതായും പൊലിസ് അറിയിച്ചു.
അതേസമയം, ഉരുൾപൊട്ടലിൽ ഇതുവരെ മരണം 387 ആയി. മരിച്ചവരിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇന്നലെ നടന്ന തിരച്ചിലിൽ പരപ്പൻപാറയിൽ നിന്നും നിലമ്പൂരിൽ നിന്നുമായി രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. നിലമ്പൂരിൽ നിന്നും ഏഴും സൂചിപ്പാറ ഭാഗത്തു നിന്നും ഒരു ശരീരഭാഗവും ഇന്നലെ ലഭിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാംപിൾ ശേഖരണം മേപ്പാടിയിൽ ഇന്നലെ ആരംഭിച്ചിട്ടുണ്ട്.
തിരിച്ചറിയാത്തവരിൽ എട്ട് പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ശേഷിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. ഒമ്പതു പേരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. അവസാന നിമിഷത്തിൽ കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞതോടെ ഒരാളുടേത് ബന്ധുക്കൾക്ക് വിട്ടുനൽകി. ഹാരിസൺ പ്ലാന്റേഷന്റെ പുത്തുമല ഡിവിഷനൽ മാനേജ്‌മെന്റ് നൽകിയ 64 സെന്റ് സ്ഥലത്താണ് കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ സ്മാരകം പോൽ പൊതുശ്മശാനം ഒരുക്കിയത്. ഉച്ചകഴിഞ്ഞ് സംസ്‌കരിക്കാനുള്ള കുഴികളെടുത്ത് തുടങ്ങിയിരുന്നു. വൈകീട്ട് ആറോടെ തന്നെ കുഴികൾ പൂർത്തിയായി. നടപടിക്രമങ്ങൾ പൂർത്തിയാവാൻ സമയമെടുത്തതോടെ സംസ്കാര ചടങ്ങുകൾ വൈകി. രാത്രി 8.30ഓടെയാണ് ആദ്യ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് മേപ്പാടി കമ്മ്യൂണിറ്റി ഹാളിൽനിന്ന് പുറപ്പെട്ടത്.
പിന്നാലെ മറ്റു മൃതദേഹങ്ങളും ഒരു പൊലിസ് ഉദ്യോഗസ്ഥൻ, പഞ്ചായത്ത് പ്രതിനിധി എന്നിവർ ഏറ്റെടുത്ത് പുത്തുമലയിലേക്ക് എത്തിച്ചു. ഒരാഴ്ച മുമ്പ് എല്ലാവരുമുണ്ടായിരുന്ന ആളുകളാണ് ആരാലും തിരിച്ചറിയാൻ സാധിക്കപ്പെടാത്ത നിലയിൽ ദുരന്തത്തിന്റെ ബാക്കിപത്രങ്ങളായി നാടിനെ കണ്ണീരിലാഴ്ത്തി മണ്ണിലേക്ക് യാത്രയായത്. വിവിധ മത സംസ്‌കാരങ്ങളിൽ ജീവിച്ചവർക്ക് അവരവരുടെ വിശ്വാസത്തിലൂന്നിയ ചടങ്ങിലൂടെ യാത്രയാക്കാനായിരുന്നു സർക്കാർ തീരുമാനം. അതിനായുള്ള എല്ലാ ഒരുക്കങ്ങളും പുത്തുമലയിൽ പൂർത്തിയാക്കിയിരുന്നു.
മേപ്പാടി ടൗൺ ജുമാമസ്ജിദ് ഖത്വീബ് മുസ്തഫൽ ഫൈസി, മേപ്പാടി മാരിയമ്മൻ കോവിൽ മേൽശാന്തി ദാമോദരൻ നമ്പൂതിരി, ചൂരൽമല സെന്റ് സെബാസ്റ്റ്യൻ ദേവാലയം വികാരി ഫാ. ജിബിൻ എന്നിവരുടെ നേതൃത്വത്തിൽ സർവമത പ്രാർഥന നടന്നു. സംസ്‌കാര ചടങ്ങിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമായി നിരവധി പേരെത്തി. ദുരന്തത്തിലകപ്പെട്ട ബന്ധുക്കളുടെ മൃതദേഹം കാത്തിരുന്നവരാണ് ഇവരിൽ കൂടുതലും. പ്രാർഥനകൾക്കിടെ പലരും നിയന്ത്രണംവിട്ട് കരഞ്ഞപ്പോൾ ചടങ്ങുകൾക്ക് സഹായവുമായെത്തിയ സന്നദ്ധ പ്രവർത്തകരും കണ്ണീരണിഞ്ഞു. ഹൃദയവേദനയിൽ വിതുമ്പുന്ന കണ്ണീർ മുഖങ്ങളെ സാഷിയാക്കി അവർ അനാഥരായി മണ്ണിലേക്ക് ചേർന്നത് രാത്രി 10.15ഓടെയാണ്.
Readmore: https://www.suprabhaatham.com/readmore?tag=Wayanad+Landslide
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."