ഊര്‍പ്പള്ളിയില്‍ മഴയുത്സവം
കൂത്തുപറമ്പ്: വയലേലകളിലെ കളിക്കളങ്ങളില്‍ ഗൃഹാതുരത്വം ഉണര്‍ത്തി മഴയുത്സവം. കൊയ്ത്ത് കഴിഞ്ഞ പാടത്തെ ചെളി നിറഞ്ഞ വയലില്‍ ഇറങ്ങി കുട്ടികള്‍ ആര്‍ത്തുല്ലസിച്ചു. ചെളിയില്‍ വീണുരുണ്ടും ഫുട്‌ബോളിനു പിന്നാലെ ഓടിയും കുട്ടിക്കൂട്ടങ്ങള്‍ തിരിച്ചുപിടിച്ചത് വിസ്മൃതിയിലാണ്ടു പോയേക്കാവുന്ന ഭൂതകാലം. ഏറിയ സമയവും വാട്ട്‌സ്ആപ്പിലും ഫേസ് ബുക്കിലുമായി മുഴുകുന്ന ഇന്നത്തെ യുവത്വത്തിന് കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കാനും മണ്ണിനോടും കാര്‍ഷിക സംസ്‌കൃതിയോടുമുള്ള താല്‍പര്യം ലക്ഷ്യമിട്ടുമാണ് വേങ്ങാട് ഊര്‍പ്പള്ളിയില്‍ വ്യത്യസ്തമായ മഴയുത്സവം സംഘടിപ്പിച്ചത്. ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ഊര്‍പ്പള്ളി നവതരംഗ് സ്വയംസഹായ സംഘം എന്നിവരാണ് സംഘാടകര്‍. ഊര്‍പ്പള്ളിയിലെ പ്രത്യേകം സജ്ജമാക്കിയ ചെളി വയലില്‍ ഫുട്‌ബോള്‍, ക്രിക്കറ്റ്, കമ്പവലി തുടങ്ങി ഒട്ടേറെ കായിക വിനോദങ്ങള്‍ക്കാണ് ഇടമൊരുക്കിയത്. വാട്ട്‌സ്ആപ്പിനും ഫേസ് ബുക്കിലും മുഴുകാതെ സൗഹൃദത്തിന്റെ പുതിയ കൂട്ടായ്മയൊരുക്കി കുട്ടികളും യുവാക്കളുമടക്കം നിരവധി പേരാണ് കളിക്കളത്തിലിറങ്ങിയത്. ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഒരു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബര്‍ 3ന് കായിക മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."