നൂറിലധികം 'ബഹ്‍ലൂല്‍ സംഘാംഗങ്ങളെ' വിചാരണ ചെയ്യും; കുറ്റാരോപിതര്‍ ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു
അബൂദബി: രാഷ്ട്ര സുരക്ഷയ്ക്കും പൊതു ക്രമത്തിനും ഭീഷണിയായെന്ന് ആരോപിതരായി 'ബഹ്ലൂല്‍ സംഘം' എന്നറിയപ്പെടുന്ന ക്രിമിനല്‍ ശൃംഖലയിലെ 100ലധികം അംഗങ്ങള്‍ അബൂദബി കോടതിയില്‍ വിചാരണ നേരിടുന്നു. പബ്ലിക് പ്രോസിക്യൂഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഏഴ് മാസത്തെ നീണ്ട അന്വേഷണത്തിനൊടുവില്‍, രാജ്യ സുരക്ഷാ കോടതി എന്നറിയപ്പെടുന്ന അബൂദബി അപ്പീല്‍ കോടതിയിലാണ് വിചാരണ നടത്താന്‍ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സെയ്ഫ് അല്‍ ഷംസി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നത്.
'ബഹ്ലൂല്‍ സംഘത്തെ രൂപീകരിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും അതില്‍ ചേരുന്നതിലും നൂറിലധികം പ്രതികളുടെ പങ്കാളിത്തം' അന്വേഷണത്തില്‍ കണ്ടെത്തിയതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ സോഷ്യല്‍ മീഡിയയും 'നിരോധിത ഉപകരണങ്ങളും ആയുധങ്ങളും' ഉപയോഗിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.
'തങ്ങളുടെ ക്രിമിനല്‍ വരുമാനത്തിന്റെ അനധികൃത ഉറവിടം മറച്ചുവെക്കാന്‍' കള്ളപ്പണം വെളുപ്പിക്കുന്നതും, 'അവര്‍ പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ അധികാരവും സ്വാധീനവും ചെലുത്തി ഫണ്ട് അവര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതും' സംഘത്തിനെതിരേ ആരോപിക്കപ്പെട്ടിട്ടുണ്ടെന്നു പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
'രാജ്യത്ത് ക്രിമിനല്‍ പ്രവൃത്തികളും, ദ്രോഹിക്കലും ഭയപ്പെടുത്തലുമടക്കമുള്ള കുറ്റങ്ങള്‍ ചെയ്യുന്ന ആര്‍ക്കുമെതിരേ പബ്ലിക് പ്രോസിക്യൂഷന്‍ നിർണായകമായി നിയമം നടപ്പിലാക്കുമെന്ന്' ഡോ. അല്‍ ഷംസി താക്കീതു നല്‍കി. ഏതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ പൗരന്മാരോടും താമസക്കാരോടും അദ്ദേഹം അഭ്യർഥിച്ചു. അതുവഴി നിയമപാലകര്‍ക്ക് വേഗത്തില്‍ നടപടിയെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."