റോഡ് സുരക്ഷ: ബസ് ഡ്രൈവര്‍മാര്‍ക്ക് ദുബൈ പൊലിസിന്റെ ബോധവല്‍ക്കരണം
ദുബൈ: റോഡ് സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്താനും വാഹനങ്ങള്‍ ഓടിക്കുന്നതിലും യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കാനും കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനുമായി ദുബൈ പൊലിസ് ബസ് ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് ബോധവത്കരണ പ്രഭാഷണം സംഘടിപ്പിച്ചു.
പോസിറ്റീവ് സ്പിരിറ്റ് കൗണ്‍സില്‍, സെക്യൂരിറ്റി അവയര്‍നസ് ഡിപ്പാര്‍ട്ട്‌മെന്റ്, ദുബൈ പൊലിസിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക്, അല്‍ നാസര്‍ കള്‍ച്ചറല്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് ബോധവല്‍ക്കരണ പ്രഭാഷണം സംഘടിപ്പിച്ചത്.
പ്രഭാഷണത്തില്‍ നിരവധി ബസ് ഡ്രൈവര്‍മാര്‍ പങ്കെടുത്തു. അടിയന്തര സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കണം, ട്രാഫിക് നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള അവബോധം, അവ പാലിക്കാത്തതിനുള്ള പിഴകള്‍, പതിവ് ബസ് മെയിന്റനന്‍സിന്റെ പ്രാധാന്യം, സുരക്ഷിതവും സുഖപ്രദവുമായ യാത്ര തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതായിരുന്നു പ്രഭാഷണം.
സെഷനിലെ ഡ്രൈവര്‍മാരുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ട്രാഫിക് സംബന്ധമായ സേവനങ്ങളെക്കുറിച്ചും പൊലിസ് സഹായം സംബന്ധിച്ചും നിരവധി അന്വേഷണങ്ങളും ഉയര്‍ന്നു വന്നു. കോര്‍പ്പറല്‍ ഉമര്‍ അഫ്‌ലാത്തൂണും അസ്മ മഷൂഖും സദസ്യരെ അഭിസംബോധന ചെയ്തു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനങ്ങളെ പൊലിസ് ജോലിയില്‍ ഉള്‍പ്പെടുത്തുന്നതിനുമുള്ള ദുബൈ പൊലിസിന്റെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായാണ് ബോധവല്‍ക്കരണ പ്രഭാഷണം ഒരുക്കിയത്.
ദുബൈ പൊലിസ് ബസ് ഡ്രൈവര്‍മാര്‍ക്കായി നടത്തിയ ട്രാഫിക് ബോധവല്‍ക്കരണ പരിപാടിയില്‍ നിന്ന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."