മുസ്‌ലിം ലീഗ് നേതാവും മുൻമന്ത്രി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു
മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ കെ. കുട്ടി അഹമ്മദ് കുട്ടി (71) വിടവാങ്ങി. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ്, ലോക്കൽ സെൽഫ് ഗവൺമെന്റ് ബോർഡ് ചെയർമാൻ എന്നീ പദവികൾ വഹിച്ച അദ്ദേഹം നിലവിൽ സംസ്ഥാന കമ്മിറ്റിയുടെ പരിസ്ഥിതി സംരക്ഷണ സമിതിയുടെ ചെയർമാനായും പ്രവർത്തിച്ച് വരികയായിരുന്നു. ഖബറക്കം ഇന്ന് (ഞായർ 11/08/24) രാത്രി 8:30 ന് താനൂരിലെ വടക്കെ പള്ളിയിൽ.
2004ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽനിന്നും 1996ലും 2001ലും തിരൂരങ്ങാടിയിൽനിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1953 ജനുവരി 15ന് കെ. സെയ്താലിക്കുട്ടി മാസ്റ്ററുടെ മകനായി ജനിച്ചു.
വായനയും എഴുത്തും ജീവിത സപര്യയാക്കിയ അദ്ദേഹം മുസ്‌ലിംലീഗിന്റെ ധൈഷണിക മുഖമായിരുന്നു. രണ്ട് തവണ താനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മുസ്‌ലിംലീഗ് താനൂർ നിയോജക മണ്ഡലം പ്രസിഡന്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ദീർഘകാലമായി താനൂർ വടക്കേപ്പള്ളി മഹല്ല് പ്രസിഡന്റാണ്. തിരൂർ എസ്.എസ്.എം. പോളിയുടെ ഗവേർണിംഗ് ബോഡി ചെയർമാനായിരുന്നു.
ഭാര്യ ജഹനാര. മക്കൾ: സുഹാന, സുഹാസ് അഹമ്മദ്, ഷഹബാസ് അഹമ്മദ്. മരുമക്കൾ: ഷിബു കെ.പി, റജി, മലീഹ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."