പി.കെ ശശിയുടെ രാജി; കോൺഗ്രസ് 'വിസ്മയം' തുടരുമോ
പാലക്കാട്: പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ മുൻ എം.എൽ.എയും സി.പി.എം നേതാവുമായ പി.കെ ശശി കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവച്ചതോടെ ജില്ലയിൽ വീണ്ടും കോൺഗ്രസ് 'വിസ്മയം' തുടരുമെന്ന് സൂചന. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗേവിന്ദൻ നയിക്കുന്ന വികസനമുന്നേറ്റ ജാഥയിൽ നിന്ന് ഒഴിഞ്ഞുനിന്നതോടെ ഉയർന്ന കോൺഗ്രസ് പ്രവേശന അഭ്യൂഹങ്ങൾ വീണ്ടും ശക്തമായിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര പാലക്കാട്ടെത്തുമ്പോൾ പി.കെ ശശി, വി.എസ് അച്യുതാനന്ദന്റെ മുൻ പി.എ സുരേഷ് എന്നിവരെ കോൺഗ്രസ് പാളയത്തിലെത്തിക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ സുരേഷ് മാത്രമാണ് പിന്തുണയുമായെത്തിയത്. ഇതിനിടെയാണ് ശശി കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവയ്ക്കുന്നത്.
സി.പി.എമ്മുമായി ഏറെക്കാലമായി ഇടഞ്ഞുനിൽക്കുന്ന ശശി വന്നാൽ ഒറ്റപ്പാലം, ഷൊർണൂർ സീറ്റുകളിൽ ഏതെങ്കിലും ഒന്ന് നൽകിയേക്കും. പാർട്ടിയിൽനിന്ന് പുറത്തുപോയാൽ പുതിയൊരു പ്രാദേശിക പാർട്ടി രൂപീകരിച്ച് കരുത്ത് കാട്ടാനുള്ള നീക്കങ്ങളും ശശി രഹസ്യമായി നടത്തുന്നുണ്ട്. ഇതിനിടെയാണ് പി.കെ ശശിയെ 'കൈപ്പത്തി' ചിഹ്നത്തിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് ഊർജിത നീക്കം നടത്തുന്നത്. കോൺഗ്രസ് എം.പിയുടെ നേതൃത്വത്തിൽ പ്രാഥമിക ചർച്ചകൾ പൂർത്തിയായതായാണ് വിവരം. യു.ഡി.എഫിലേക്കില്ലെന്നും ആരും ചർച്ച നടത്തിയിട്ടില്ലെന്നും പി.കെ ശശി പറയുന്നുണ്ടെങ്കിലും കാര്യങ്ങളുടെ പോക്ക് 'വിസ്മയ'ത്തിലേക്ക് തന്നെയാണെന്നാണ് റിപ്പോർട്ട്.
താൻ ഇടത് ആശയം മുറുകെപിടിക്കുന്ന ആളാണെന്നും വിമത കൂട്ടായ്മയെക്കുറിച്ച് അറിയില്ലെന്നും പറഞ്ഞ ശശി, നാളെ എന്താകുമെന്ന് ആർക്ക് പറയാനാകുമെന്നും ചോദിച്ചു. സുഖമില്ലാത്തതിനാലാണ് എം.വി ഗോവിന്ദന്റെ ജാഥയിൽ പങ്കെടുക്കാതിരുന്നത്. തരംതാഴ്ത്തൽ സംബന്ധിച്ച് പാർട്ടി നേതൃത്വത്തോട് സംസാരിച്ചു കഴിഞ്ഞതാണ്. ഇതുവരെ മാറി ചിന്തിച്ചിട്ടില്ല. ഇപ്പോൾ സി.പി.എമ്മാണ്. തെരഞ്ഞെടുപ്പോ സ്ഥാനാർഥിത്വം സംബന്ധിച്ചോ ഒരു ചർച്ചയും നടന്നിട്ടില്ല. ശശി വീടിൻ്റെ മുലയ്ക്കിരിക്കുമെന്ന് ആരും കരുതേണ്ട. പൊതുപ്രവർത്തന രംഗത്ത് സജീവമായി ഉണ്ടാകും. ഇന്ന് പാർട്ടി അംഗമാണ്. നാളെ എന്താവുമെന്ന് പറയാൻ കഴിയില്ലല്ലോ എന്നും പി.കെ ശശി പറഞ്ഞു. വ്യക്തിപരമായി പ്രയാസങ്ങളുണ്ട്. രാജി സ്വമനസാലെയെന്നും ആരുടെയും നിർബന്ധത്താലല്ലെന്നും അദ്ദേഹം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."