കനത്തമഴ, മണ്ണിടിച്ചില്‍, മിന്നല്‍ പ്രളയം; ഹിമാചല്‍ പ്രദേശില്‍ 280ലേറെ റോഡുകള്‍ അടച്ചു
ഷിംല: കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഹിമാചല്‍പ്രദേശിലെ കുളു, മണ്ഡി, ഷിംല ജില്ലകളിലെ റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. 280ലധികം റോഡുകളാണ് ഇതിനോടകം അടച്ചത്.
നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. കാണാതായവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും പ്രതികൂലമായ കാലവസ്ഥ വെല്ലുവിളിയുയര്‍ത്തുകയാണ്. ഇതുവരെ 28 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മുപ്പതോളം ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്ക്.മഴക്കെടുതിയില്‍ ഇതുവരെ 100 ലധികം ആളുകള്‍ മരിച്ചു. ജൂണ്‍ 27 മുതല്‍ ഓഗസ്റ്റ് 9 വരെ സംസ്ഥാനത്തിന് ഏകദേശം 842 കോടിയുടെ നാശനഷ്ടമുണ്ടായി.മണ്ണിടിച്ചിലിനെത്തുടര്‍ന്ന് 48 ജലവൈദ്യുത പദ്ധതികളെ ബാധിച്ചു.
അതിനിടെ മഴക്കൊപ്പം ഇടിമിന്നല്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ബിലാസ്പൂര്‍, ചമ്പ, ഹമിപ്രപൂര്‍, കുളു, കാംഗ്ര, മാണ്ഡി, ഷിംല, സോളന്‍, സിര്‍മൗര്‍, ഉന എന്നീ അഞ്ച് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."