യൂനിയന്‍ കോപ് : അറ്റാദായത്തില്‍ 32.3 ശതമാനം വളര്‍ച്ച
ദുബൈ: അര്‍ധ വാര്‍ഷിക സാമ്പത്തിക ഫലം പ്രഖ്യാപിച്ച് യു.എ,ഇയിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായ യൂനിയന്‍ കോപ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5 ശതമാനം അധികം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അറ്റാദായത്തില്‍ 32.3 ശതമാനം വളര്‍ച്ചയും നേടി. വിവിധ മേഖലകളില്‍ യൂനിയന്‍ കോപ് ലാഭം ഉയര്‍ത്തിയിട്ടുണ്ട്.
മൊത്തം 200 മില്യണ്‍ ദിര്‍ഹംമാണ് ലാഭം. യൂനിയന്‍ കോപ്പിന്റെ മൊബൈല്‍ ആപ്പ് ഇതു വരെ 6,12,000 തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. ലോയല്‍റ്റി പ്രോഗ്രാമിന് 9,90,079 ഉടമകളുണ്ട് നിലവില്‍. സിലികണ്‍ യാസിസ് കൊമേഴ്‌സ്യല്‍ സെന്ററില്‍ പുതിയ ബ്രാഞ്ചും തുടങ്ങി.
2024 ആദ്യ പകുതിയില്‍ മൊത്തം വരുമാനം 1.282 ബില്യണ്‍ ദിര്‍ഹം ആണ്. ദുബൈ ശാഖകളിലെ വില്‍പ്പനയിലെ വളര്‍ച്ചയാണ് ഇതിന് സഹായിച്ചത്.
റീട്ടെയ്ല്‍ വരുമാനം 3 ശതമാനം ഉയര്‍ന്ന് 1.135 ബില്യണിലെത്തി. നിക്ഷേപ വരുമാനം 10.6 ശതമാനം ഉയര്‍ന്ന് 79 മില്യണ്‍ ദിര്‍ഹമായി. നികുതിക്ക് മുന്‍പുള്ള ലാഭം മൊത്തം വരുമാനത്തിന്റെ 16 ശതമാനം വരും. നികുതിക്ക് ശേഷമുള്ള ലാഭം 20.6 ശതമാനം ഉയര്‍ന്ന് 163 മില്യണ്‍ ദിര്‍ഹമെത്തി. മൊത്തം കോർപറേറ്റ് നികുതി 18.6 മില്യണ്‍ ദിര്‍ഹമായിട്ടുണ്ട്. സമൂഹത്തിന് വേണ്ടിയുള്ള ഇടപെടലില്‍ 12 മില്യണ്‍ ദിര്‍ഹമാണ് യൂനിയന്‍ കോപ് നീക്കിവച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 9 മില്യണ്‍ ദിര്‍ഹമായിരുന്നു. സാമൂഹിക, വിദ്യാഭ്യാസ, സുരക്ഷാ, ജീവകാരുണ്യ പ്രവൃത്തികള്‍ക്കാണ് തുക മാറ്റിവച്ചത്.
യൂനിയന്‍ കോപ് നടത്തിപ്പില്‍ വരുത്തിയ മെച്ചപ്പെടുത്തലുകള്‍ മികച്ച ഫലം നല്‍കാന്‍ കാരണമായെന്ന് ചെയര്‍മാന്‍ മജീദ് ഹമദ് റഹ്മ അല്‍ ഷംസി പറഞ്ഞു. തന്ത്രപരമായ വളര്‍ച്ചയും പ്രവര്‍ത്തനത്തിലെ മികവും മികച്ച പ്രകടനത്തിന് പിന്നിലുണ്ടെന്ന് സി.ഇ.ഒ മുഹമ്മദ് അല്‍ ഹാഷിമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."