ബസുകള്‍ സ്റ്റാന്‍ഡില്‍ കയറുന്നില്ല; കയറ്റാന്‍ നടപടിയുമില്ല!
പള്ളിക്കല്‍: പള്ളിക്കല്‍ ബസാറിലെ ബസ് സ്റ്റാന്‍ഡ് ആര്‍ക്കോ വേണ്ടി ആരോ ഉണ്ടാക്കിയതല്ല, എന്നാല്‍ ഉദ്ഘാടനം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും ഇവിടെ ബസുകള്‍ പ്രവേശിക്കുന്നില്ല. അതിന് അധികൃതര്‍ ശ്രദ്ധിക്കുന്നുമില്ലെന്നാണ് ആക്ഷേപം. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തോളം മാത്രമാണ് ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ചത്.
സ്റ്റാന്‍ഡില്‍ പ്രവേശിക്കാത്ത ബസുകള്‍ക്കെതിരേ നിരവധി തവണ പരാതികള്‍ നല്‍കിയിരുന്നു. സമര പ്രഖ്യാപനങ്ങളും ബസ് പണിമുടക്കും നടക്കുകയുണ്ടായി. കൊണ്ടോട്ടി പരുത്തിക്കോട് വഴി സര്‍വകാലാശാലാ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസുകളാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നാണ് ആക്ഷേപം. പരിഹാരത്തിനായി പഞ്ചായത്ത് കാര്യാലയത്തില്‍ പഞ്ചായത്ത് അധികൃതര്‍, പൊലിസ്, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സംഘടനാ ഭാരവാഹികള്‍, ജനപ്രതനിധികള്‍, ബസ് ഓണേഴ്‌സ്, ബസ് ജീവനക്കാര്‍ തുടങ്ങിയവര്‍ ഒരു മാസം മുന്‍പു സംയുക്ത യോഗം ചേര്‍ന്നിരുന്നു. ഫറോക്ക്-കോഴിക്കോട് ഭഗത്തേക്ക് സര്‍വിസ് നടത്തുന്ന ബസ് ഓണേഴ്‌സും ജീവനക്കാരും യോഗത്തില്‍ പങ്കെടുക്കുകയും സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നതിനു പിന്തുണ അറിയിക്കുകയും ചെയ്തു. എന്നാല്‍, കൊണ്ടോട്ടി-പരുത്തിക്കോട് വഴി സര്‍വകാലാശാലാ റൂട്ടിലോടുന്ന ബസ് ഓണേഴ്‌സോ ജീവനക്കാരോ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
സ്റ്റാന്‍ഡിന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അംഗീകാരമുണ്ടെന്നും സ്റ്റാന്‍ഡില്‍ പ്രവേശിക്കാത്ത ബസുകള്‍ക്കെതിരേ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും നടപടിയായിട്ടില്ല. സ്റ്റാന്‍ഡില്‍ കയറാത്ത ബസുകള്‍ ടൗണില്‍നിന്നു പരുത്തിക്കോട്ടേക്കുള്ള ഇടുങ്ങിയ ജങ്ഷനില്‍ നിര്‍ത്തുന്നതു പലപ്പോഴും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കുംവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ സ്റ്റാന്‍ഡില്‍ ഒരുക്കുമെന്നും സ്റ്റാന്‍ഡിലെയും കവാടങ്ങളിലെയും അനധികൃത വാഹന പാര്‍ക്കിങ് തടയുന്നതിനു സംവിധാനമൊരുക്കുമെന്നുമുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്കും സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."