തകരുന്ന കുടുംബ ബന്ധങ്ങളും സമുദായ അവഹേളനങ്ങളും മുഖമുദ്ര
നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് 2017 ല്‍ സുപ്രഭാതം പ്രസിദ്ധീകരിച്ച അന്വേഷണാത്മക പരമ്പര ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നു. സിനിമാമേഖലയിലെ വനിതകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വരച്ചു കാട്ടുന്ന സുനി അല്‍ ഹാദിയുടെ 'മുഖം മൂടിയിട്ട അഭിനയം' എന്ന പരമ്പര 2017 ജൂണ്‍ 10 മുതല്‍ 14 വരെയാണ് -സുപ്രഭാതം പ്രസിദ്ധീകരിച്ചത്. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ സുരക്ഷ, ചൂഷണം ,തൊഴില്‍ രംഗത്തെ വിവേചനം തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത പരമ്പരയ്ക്ക് വന്‍ സ്വീകാര്യതയാണ് അന്ന് ലഭിച്ചത്. സിനിമാരംഗത്തെ പുഴുകുത്തുകളെ തുറന്നുകാട്ടിയ പരമ്പര കൂടിയായിരുന്നു സുപ്രഭാതം പ്രസിദ്ധീകരിച്ചത്. അഞ്ച് ഭാഗങ്ങളായാണ് പരമ്പര പ്രസിദ്ധീകരിച്ചത്. പരമ്പരയുടെ നാലം ഭാഗം
കുടുംബകോടതിയും ജില്ലാകോടതിയുമൊക്കെ പലപ്പോഴും വാര്‍ത്താപ്രാധാന്യം നേടുന്നതു വിവാഹമോചനക്കേസുമായി താരങ്ങളെത്തുമ്പോഴാണ്. അടുത്തകാലത്തു മാത്രം വിവാഹമോചിതരായ പ്രമുഖനടന്മാരുടെ നീണ്ടനിരതന്നെയുണ്ട്. അതില്‍ പലതും മാധ്യമങ്ങള്‍ ആഘോഷമാക്കിയ വിവാഹവും വിവാഹമോചനങ്ങളുമാണ്. സംസ്ഥാനമന്ത്രിസഭയില്‍ അംഗമായിരിക്കെയാണു പ്രമുഖനടന്‍ കെ.ബി ഗണേഷ്‌കുമാര്‍ ഭാര്യയുമായി 'അടിച്ചുപിരിഞ്ഞത് '. അതിന്റെ ഉള്ളറക്കഥകള്‍ ഏറെനാള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചു. ഏറെ താമസിയാതെ ഗണേഷിന്റെ രണ്ടാംവിവാഹം നടന്നു.
നടി ആക്രമിക്കപ്പെട്ടസംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരേ ആക്രോശമുയര്‍ത്തിയ മുകേഷും വിവാഹമോചിതനും രണ്ടാംവിവാഹക്കാരനുമാണ്. ആദ്യം തന്നേക്കാള്‍ ഏറെ പ്രശസ്തയായിരുന്ന സിനിമാനടിയെയാണ് മുകേഷ് വിവാഹം കഴിച്ചത്. ആ ബന്ധം പക്ഷേ ഏറെനാള്‍ നിലനിര്‍ത്താനായില്ല. ഭാര്യയായ നടിക്കു സിനിമകള്‍ കുറയുകയും താന്‍ മുന്നേറുകയും ചെയ്ത ഘട്ടത്തില്‍ മുകേഷ് വിവാഹമോചനം നേടി. നൃത്തരംഗത്തുള്ള മറ്റൊരാളെ വിവാഹം കഴിച്ചു.
പ്രശസ്ത സംഗീതജ്ഞരായ ജയവിജയന്മാരില്‍ ജയന്റെ മകനായ മനോജ് കെ ജയന്റെ കുടുംബജീവിതവും തുടക്കം മുതല്‍ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ വഞ്ചിപോലെയായിരുന്നു. മുകേഷിനെപ്പോലെ അക്കാലത്തു തന്നേക്കാള്‍ തിളങ്ങിനിന്ന നടിയെയാണു മനോജ് കെ. ജയന്‍ വിവാഹം കഴിച്ചത്. ഏറെ വൈകുംമുമ്പ് താളപ്പിഴ തുടങ്ങി. എറണാകുളം കോടതിയില്‍ ഏറെക്കാലം കേസും വക്കാണവും തുടര്‍ന്നു. ഒടുവില്‍ വിവാഹമോചിതനായി.
ഇപ്പോള്‍ അഴികള്‍ക്കകത്തായ ദിലീപിന്റെ കാര്യവും വ്യത്യസ്തമല്ല. ദിലീപ് അറിയപ്പെടുന്ന നടനാകുംമുമ്പ് മലയാള സിനിമയില്‍ കത്തിനിന്ന നടിയുമായി ഒളിച്ചോടുകയായിരുന്നു. പിന്നീട് അവര്‍ വിവാഹിതരായി. വിവാഹശേഷം ഭാര്യയെ സിനിമാരംഗത്തുനിന്നു മാറ്റിനിര്‍ത്തി. കാലക്രമേണ അഭിനയത്തിലെന്നപോലെ സിനിമാനിര്‍മാണത്തിലും വിതരണത്തിലും തിയറ്റര്‍ രംഗത്തും പിടിമുറുക്കിയ ദിലീപ് സിനിമാവ്യവസായം നിയന്ത്രിക്കുന്ന ഡോണ്‍ ആയി മാറി. അതോടെ വഴിവിട്ട ബന്ധങ്ങളുണ്ടായി.
അതു കുടുംബബന്ധത്തെബാധിച്ചു. ഒടുവില്‍ വിവാഹമോചനം. അതിനെ തുടര്‍ന്ന് കാമുകിയെ ഭാര്യയാക്കല്‍. അവിടെ നിന്നിരുന്നെങ്കില്‍ മലയാള സിനിമയിലെ രണ്ടാംകെട്ടുകാരുടെ നിരയില്‍ ഒരാള്‍ മാത്രമാകുമായിരുന്നു ദിലീപ്. എന്നാല്‍, ദിലീപിലെ ഡോണ്‍ അവിടെ നിന്നില്ല, തന്റെ വഴിവിട്ട ബന്ധം ഭാര്യയെ അറിയിച്ച നടിയോട് പകതീര്‍ത്തത് നീചമായ രീതിയിലായിരുന്നു. അത് അവനവന്‍ കുഴിച്ച കുഴിയായി. അങ്ങനെ അഴിക്കുള്ളിലുമായി.
ഇതൊക്കെ സമീപകാലത്തെ മാത്രം കാര്യം. മലയാളസിനിമയിലെ വിവാഹമോചനത്തിന്റെയും രണ്ടാംവിവാഹത്തിന്റെയും പട്ടികക്ക് ഏറെ നീളമുണ്ട്. വിവാഹകാര്യത്തില്‍ പല നടിമാരും ഒട്ടുംവ്യത്യസ്തരല്ല. ലിസി, സരിത, ഉര്‍വശി, മഞ്ജുവാര്യര്‍, കാവ്യാമാധവന്‍... പട്ടിക ഇങ്ങനെ നീളുന്നു. ചില വിവാഹമോചന തയാറെടുപ്പുകള്‍ അണിയറയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. മലയാളത്തിലെ പ്രമുഖ അമ്മനടിയുടെ ഭര്‍ത്താവ് ഗുരുവായൂര്‍ ക്ഷേത്രത്തിനുസമീപം അനാഥനായാണു മരിച്ചത്.
വിവാഹമോചനവും രണ്ടാംവിവാഹവുമൊക്കെ സിനിമക്കാര്‍ക്കിടയില്‍ തുടര്‍ക്കഥയാകുമ്പോഴും ഇതേ കാരണം നിരത്തി ചില സമുദായങ്ങളെ പരിഹസിക്കുന്നതില്‍ സിനിമാലോകം ഒട്ടും പിശുക്കുകാണിക്കാറില്ല. മികച്ച അധ്യാപകന്റെ കഥപറയുന്ന 'മാണിക്യക്കല്ല് ' എന്ന സിനിമയില്‍ അറബി മാഷെ ചിത്രീകരിച്ചപ്പോള്‍ അയാള്‍ക്കു നാലു ഭാര്യമാരും 16 മക്കളുമുണ്ട്. 'മലപ്പുറം ഹാജി, മഹാനായ ജോജി' എന്ന സിനിമയില്‍ കായികാധ്യാപകനായ അലിയാര്‍ മാഷെ ചിത്രീകരിച്ചപ്പോഴും ഭാര്യമാരുടെ എണ്ണം ഒട്ടും കുറച്ചില്ല; ഒരു ഡസനോളം മക്കളും.
മിക്ക സിനിമയിലെയും മുസ്‌ലിംകഥാപാത്രങ്ങള്‍ക്ക് ഇത്തരത്തില്‍ മൂന്നും നാലും ഭാര്യമാരെ വച്ചുകെട്ടിക്കൊടുത്ത് ആ സമുദായംഗങ്ങള്‍ ഓടിനടന്നു വിവാഹം കഴിക്കുന്നവരാണെന്ന പ്രതീതി സൃഷ്ടിക്കുന്നവര്‍ തന്നെയാണു സ്വന്തം കുടുംബബന്ധങ്ങള്‍ക്കു യാതൊരു വിലയും കല്‍പിക്കാത്തത്.
അറുപതും അറുപത്തഞ്ചും വയസുള്ള മുസ്‌ലിം പുരുഷകഥാപാത്രങ്ങള്‍ പതിനാറുകാരികളെ വിവാഹംചെയ്യുന്നതായി ചിത്രീകരിക്കുന്ന സിനിമയില്‍ തന്നെ മറ്റൊരു പ്രവണതയും കാണാം. ഏതാണ്ട് ഇതേപ്രായമുള്ള നായകനടന്മാര്‍ തങ്ങളുടെ നായികമാരായി മക്കളേക്കാള്‍ പ്രായംകുറഞ്ഞ പെണ്‍കുട്ടികളെ നായികമാരായി വേണമെന്നു വാശിപിടിക്കുന്ന പ്രവണതയാണത്.
വര്‍ഷങ്ങള്‍ക്കു മുമ്പു മലപ്പുറം നഗരത്തില്‍വച്ച് ഒരുസംഘം ചെറുപ്പക്കാര്‍ ഈപ്രവണതയെ പരസ്യമായി ചോദ്യംചെയ്ത സംഭവമുണ്ട്. ഒരു മുസ്‌ലിംപെണ്‍കുട്ടിയുടെ വിലാപത്തിന്റെ കഥപറയുന്ന സിനിമയുടെ പ്രദര്‍ശനത്തിനുശേഷം സംഘടിപ്പിച്ച ചര്‍ച്ചയിലാണ് അമ്പതു കഴിഞ്ഞ സിനിമാനായകന്മാര്‍ പ്ലസ് ടുക്കാരികളെ നായികമാരാക്കി സിനിമയെടുക്കുന്നതു സംബന്ധിച്ചു ചോദ്യമുയര്‍ന്നത്. ചര്‍ച്ച കൊഴുക്കുകയും സദസ്യര്‍ ഈ ചോദ്യം ഏറ്റെടുക്കുകയും ചെയ്തതോടെ പൊലിസിനെ ഇടപെടുത്തിയാണ് അണിയറപ്രവര്‍ത്തകര്‍ തടിയൂരിയത്.
മലയാളിസമൂഹത്തില്‍ ഒരുകാലത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ കലാരൂപം നാടകമായിരുന്നു. നാടകങ്ങളില്‍ അന്നു മുസ്‌ലിംകഥാപാത്രങ്ങളായി വന്നിരുന്നതു കള്ളിത്തുണിയും വീതിയേറിയ പച്ചബെല്‍റ്റും ഇറച്ചിവെട്ടു കത്തിയുമൊക്കെയുള്ള കഥാപാത്രങ്ങളായിരുന്നു. നാടകത്തെ പിന്തള്ളി സിനിമ മുന്നോട്ടു വന്നപ്പോഴും ഈ സമുദായത്തെപറ്റിയുള്ള സങ്കല്‍പ്പത്തിനു തിരക്കഥാരചയിതാക്കള്‍ യാതൊരുമാറ്റവും വരുത്തിയില്ല എന്നുമാത്രമല്ല, നാടകത്തില്‍നിന്നു വ്യത്യസ്തമായി ചില പ്രദേശങ്ങളെത്തതന്നെ അടച്ചാക്ഷേപിക്കുന്ന പ്രവണതയും രൂപപ്പെട്ടു.
ബോംബ് എന്നു പറഞ്ഞാലുടന്‍ മലപ്പുറവുമായും കള്ളപ്പണമെന്നു പറഞ്ഞാല്‍ കാസര്‍കോഡുമായും ബന്ധിപ്പിക്കുന്ന പ്രവണത നിരവധി സിനിമകളില്‍ വന്നു. റിയല്‍ എസ്റ്റേറ്റ് കച്ചവടങ്ങളുടെ കള്ളക്കളികള്‍ പ്രമേയമാക്കി നിര്‍മിച്ച 'ഇന്ത്യന്‍ റുപ്പി' സിനിമയില്‍ കള്ളനോട്ടു കൈമാറ്റം നടക്കുന്ന വേളയില്‍ മുസ്‌ലിം വിവാഹാഘോഷങ്ങളും ഒപ്പനയുമൊക്കെ ഏച്ചുകെട്ടുകയായിരുന്നു.
സിനിമാക്കഥകളില്‍ ഓരോ വിഭാഗത്തിനും കാലങ്ങളായി പതിച്ചുനല്‍കിയിരിക്കുന്ന കൃത്യമായ വേഷങ്ങളുണ്ട്. തോട്ടം മേഖലയുമായി ബന്ധപ്പെട്ട സിനിമകള്‍ വരുമ്പോള്‍ കള്ളചാരായ വാറ്റ്, നായാട്ട്,സ്ത്രീ പീഡനം തുടങ്ങിയവ ചെയ്യുന്ന കഥാപാത്രങ്ങളെപ്പോഴും ക്രൈസ്തവവിഭാഗത്തില്‍ നിന്നുള്ളവരായിരിക്കും. ക്ഷേത്രപശ്ചാത്തലവുമായി ബന്ധപ്പെട്ട സിനിമകളില്‍ വിഗ്രഹമോഷണം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നത് അവര്‍ണവിഭാഗങ്ങളായിരിക്കും.
തന്ത്രിയെ മര്‍ദിച്ചതിനുശേഷം 'അവര്‍ണന്‍ തൊട്ടതിന്റെ അയിത്തം മാറ്റാന്‍ എണ്ണ വാങ്ങി തേച്ചു കുളിച്ചോളൂ' എന്നുപറഞ്ഞു പണം എറിഞ്ഞുകൊടുക്കുന്ന പൊലിസ് കഥാപാത്രം ഒരുകാലത്ത് ഏറെ വിവാദമായിരുന്നു. മലയാളസിനിമയില്‍ ജാതിവ്യവസ്ഥ ശക്തമായി നിലനില്‍ക്കുന്നുണ്ടെന്നും അവാര്‍ഡ് നിര്‍ണയത്തില്‍പോലും അതു ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും തുറന്നടിച്ചത് അന്തരിച്ച നടന്‍ തിലകനായിരുന്നു.
ഒരു കലാരൂപമെന്ന നിലയില്‍ വികസിച്ച സിനിമാരംഗത്തു ജാതിവ്യവസ്ഥയും സമുദായാവഹേളനങ്ങളും മാത്രമല്ല പുഴുക്കുത്തുകളായി വന്നതു റിയല്‍ എസ്റ്റേറ്റ് മാഫിയയും മയക്കുമരുന്നുലോബികളും മുതല്‍ പെണ്‍വാണിഭസംഘങ്ങള്‍ വരെ ഈ രംഗത്തു കാലുറപ്പിക്കാന്‍ മത്സരിച്ചു.
ആ കഥകള്‍ നാളെ.
This article revisits the investigative series "Mukham Moodiya Abhinayam" by Suni Al Hadi, published by Suprabhaatham in 2017, which highlighted the struggles of women in the film industry. The piece also examines the broader issues of family breakdowns and community stigmatization within the cinematic world, providing a critical analysis of societal impacts and media portrayals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."