സ്‌കൂളുകളില്‍ പോലും ആവശ്യത്തിനു കക്കൂസുകളില്ല
മലപ്പുറം: ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതില്‍ മലപ്പുറം ജില്ല ഒന്നാം സ്ഥാനം കൈവരിച്ചെന്നു തദ്ദേശ വകുപ്പു മന്ത്രി പറയുമ്പോഴും ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലൊന്നിലും ആവശ്യത്തിനു ശൗചാലയമില്ല. വിദ്യാര്‍ഥികളുടെ എണ്ണം അനുസരിച്ചു കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നിഷ്‌കര്‍ശിക്കുന്നതു പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങളാണു ജില്ലയിലെ പൊതു വിദ്യാലയങ്ങളില്‍ ഇല്ലാതിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാറിന്റെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായാണു മുഴുവന്‍ സ്ഥലങ്ങളിലും ശൗചാലയം ഒരുക്കുക എന്ന പദ്ധതി നടക്കുന്നത്. ജില്ലയില്‍ എല്ലായിടത്തും ശൗചാലയങ്ങളായെന്നും ഇതിന്റെ പ്രഖ്യാപനം സെപ്തംബര്‍ 30 നു നടത്തുമെന്നും മലപ്പുറം നഗരസഭ ഹാളില്‍ നടന്ന പദ്ധതിയുടെ അവലോകന യോഗത്തില്‍ മന്ത്രി കെ.ടി ജലീല്‍ അറിയിച്ചിരുന്നു. എന്നാല്‍ സമ്പൂര്‍ണ ശൗചാലയം പദ്ധതിയില്‍ വ്യക്തികളെ മാത്രം ഉള്‍പ്പെടുത്തിയാണു നടപ്പാക്കുന്നത്.
ഇതില്‍ ജില്ലയിലെ സ്‌കൂളുകള്‍, മറ്റു പൊതു സ്ഥലങ്ങള്‍ എന്നിവയെ ഉള്‍പ്പെടുത്താത്തതാണു പ്രയാസമായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന സമ്പൂര്‍ണ ശൗചാലയം പദ്ധതിയില്‍ പൊതു ഇടങ്ങളെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകള്‍ മുഖാന്തരമാണു ശൗചാലയം നിര്‍മിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ സഹായം വിതരണം ചെയ്യുന്നത്. എന്നതിനാല്‍ സര്‍ക്കാര്‍ മേഖലയിലുള്ള ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല. ജില്ലാ പഞ്ചായത്തിനു കീഴിലാണു ജില്ലയിലെ മിക്ക ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണു മലപ്പുറം ജില്ലാ പഞ്ചായത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."