മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി എസ്.എഫ്.ഐ.ഒ; സി.എം.ആര്.എല്‍ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ്, ചെന്നൈയില്‍ ഹാജരാകണം
തിരുവനന്തപുരം: മാസപ്പടി കേസില്‍ സി.എം.ആര്.എല്‍ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ച് എസ്.എഫ്.ഐ.ഒ(സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫിസ്). സി.എം.ആര്.എല്ലിന്റെ എട്ട് ഉദ്യോഗസ്ഥര്‍ക്കാണ് സമന്‍സ് അയച്ചിരിക്കുന്നത്.
സി.എം.ആര്.എല്‍ ഡയറക്ടര്‍മാരായ രവിചന്ദ്രന്‍ രാജന്, നബീല്‍ മാത്യു ചെറിയാന്, അനില്‍ ആനന്ദ പണിക്കര്‍, കമ്പനി സെക്രട്ടറി പി.സുരേഷ് കുമാര്‍, ഐ.ടി വിഭാഗം മേധാവി എന്‍.സി. ചന്ദ്രശേഖരന്, വിരമിച്ച കാഷ്യര്‍ കെ.എം. വാസുദേവന്‍, ഓഡിറ്റര്‍മാരായ മുരളീകൃഷ്ണന്, സാഗേഷ് കുമാര്‍ എന്നിവര്‍ക്കാണ് എസ്എഫ്ഐഒ സമന്‍സ് നല്‍കിയത്.
ഈ മാസം 28 നും 29 നും ചെന്നൈയിലെ ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം. അതേസമയം, അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.ആര്.എല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
2013-ലെ കമ്പനി നിയമത്തിലെ 217-ാം വകുപ്പ് പ്രകാരമാണ് സി.എം.ആര്.എല്ലുമായി ബന്ധപ്പെട്ടവര്‍ക്ക് സമന്‍സ് നല്‍കിയിരിക്കുന്നത്. എസ്.എഫ്.ഐ.ഒ ഓഫിസില്‍ ഹാജരായില്ലെങ്കില്‍ കമ്പനി നിയമത്തിലെ 217 (8) പ്രകാരമുള്ള നടപടി ഉണ്ടാകുമെ ന്ന് സമന്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സമന്‍സ് സ്റ്റേ ചെയ്യണമെന്നും ഭാരതീയ ന്യായ് സുരക്ഷാ സംഹിതയുടെ 528-ാം വകുപ്പ് പ്രകാരം എസ്.എഫ്.ഐ.ഒ നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നുമാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹരജിയില്‍ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയായ എക്സാലോജിക്കിന് മാസപ്പടിയായി പണം ലഭിച്ചുവെന്നായിരുന്നു ആരോപണം. സി.എം.ആര്.എല്ലിന് വഴിവിട്ട സഹായം നല്കാന് മുഖ്യമന്ത്രി ഇടപെട്ടുവെന്ന് മാത്യു കുഴല്നാടന് ആരോപിച്ചതിന് പിന്നാലെ വിഷയം വിവാദത്തിന് വഴിവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."