യു.എൻ സെക്രട്ടറി ജനറലിൻ്റെ സി.ഇ.ടി.എം പാനലിൽ പങ്കെടുത്ത് യു.എ.ഇ
അബൂദബി: കെനിയയിലെ നെയ്‌റോബിയിൽ നടന്ന യുനൈറ്റഡ് നേഷൻസ് ക്രിട്ടിക്കൽ എനർജി ട്രാൻസിഷൻ മിനറൽസ് (സി.ഇ.ടി.എം) പാനലിൽ യു.എ.ഇയുടെ ഊർജ, സുസ്ഥിരതാ വിദേശ കാര്യ സഹമന്ത്രി അബ്ദുല്ല ബലാല പങ്കെടുത്തു. ആഗോള സന്നദ്ധ മാർഗനിർദേശക തത്വങ്ങളുടെ അടിസ്ഥാനത്തിൽ ഖനന മേഖലയുടെ വികസനത്തെക്കുറിച്ചും പരസ്പരവും കൂട്ടായതുമായ നേട്ടങ്ങൾക്കായി അന്താരാഷ്ട്ര സഹകരണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും പാനൽ ചർച്ച ചെയ്തു.
1.5 ഡിഗ്രി സെൽഷ്യസ് ലക്ഷ്യവും നെറ്റ് സിറോയ്ക്കായുള്ള ആഗോള തയാറെടുപ്പുകളുമായി യോജിപ്പിക്കുന്ന യു.എൻ പാനലിൻ്റെ ഫലങ്ങളെയും ബലാല അഭിനന്ദിച്ചു. ഖനനവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രതികരണങ്ങളുടെയും പ്രാദേശിക സമൂഹങ്ങളുടെ സംരക്ഷണത്തിൻ്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ധാതു സമ്പന്നമായ രാജ്യങ്ങളിൽ, ഖനന മേഖലയിൽ ഉത്തരവാദിത്ത നിക്ഷേപം ആകർഷിക്കാനും പിന്തുണക്കാനും പുനരുപയോഗ ശുദ്ധോർജത്തിലേക്ക് സുഗമമായ പരിവർത്തനം സാധ്യമാക്കാനും ശ്രമിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ആഗോള ആത്മവിശ്വാസം വളർത്തിയെടുക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
യു.എൻ.എസ്.ജിയുടെ സി.ഇ.ടി.എം പാനൽ ഹരിത നിക്ഷേപങ്ങൾ, ആഗോള സാമ്പത്തിക പ്രതിബദ്ധതകൾ എന്നിവയിലൂടെ കാലാവസ്ഥാ നടപടികളോടുള്ള പ്രതിബദ്ധത യു.എ.ഇ പ്രകടിപ്പിക്കുന്നു. 2023ൽ ദുബൈ എക്സ്പോ സിറ്റിയിൽ ആഗോള കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ ഇരുപത്തെട്ടാമത് സെഷൻ (കോപ് 28) നടത്തി വിജയിച്ചതിൻ്റെ അടിസ്ഥാനത്തിൽ, 2026ലെ യു.എൻ ജല സമ്മേളനം സെനഗലുമായി സഹകരിച്ച് ആതിഥേയത്വം വഹിക്കാനുള്ള യു.എ.ഇയുടെ ആഗ്രഹം അദ്ദേഹം പ്രഖ്യാപിച്ചു.
പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഉൾപ്പെടെ കാലാവസ്ഥ വ്യതിയാനത്തിനും സുസ്ഥിരതയ്ക്കും നൂതന പരിഹാരങ്ങൾ നൽകാനുള്ള യു.എ.ഇയുടെ പ്രതിബദ്ധതയെ ഈ നീക്കം പ്രതിഫലിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."