ദുബൈയില്‍ അധ്യയനം ആരംഭിച്ച ആദ്യദിനം ഗതാഗതക്കുരുക്കിൽ
ദുബൈ: 11 ലക്ഷത്തിലധികം വിദ്യാർഥികൾ അധ്യയനം ആരംഭിച്ച യു.എ.ഇയിൽ ഇന്നലെ പുലർച്ചെ മുതൽ പല റോഡുകളിലും ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടു. പുതിയ അക്കാദമിക വർഷത്തിൻ്റെ ഒന്നാംദിവസം സ്‌കൂൾ, കോളജ് ബസുകൾ നിരത്തുകളിൽ നിറഞ്ഞതോടെ മിക്ക പ്രധാന റോഡുകളും മഞ്ഞയായി.
ആദ്യ ദിവസം കുട്ടികളുമായി എത്താൻ നിരവധി രക്ഷിതാക്കളോട് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ആവശ്യപ്പെട്ടതിനാൽ ചുറ്റുമുള്ള റോഡുകളിലും സ്‌കൂളിലേക്കുള്ള വഴികളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. കൂടുതൽ കനത്ത ഗതാഗത പ്രവാഹം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് പല വാഹന യാത്രികരും നേരത്തെ തന്നെ തങ്ങളുടെ യാത്ര ആരംഭിച്ചിരുന്നു. പ്രധാന ദുബൈ-ഷാർജ റോഡുകളിൽ രാവിലെ 6.30ന് തന്നെ ഗതാഗതം രൂക്ഷമാവാൻ തുടങ്ങിയിരുന്നു. പലയിടത്തും ട്രാഫിക് സ്തംഭനാവസ്ഥയിലായി.
പ്രധാന ഹൈവേകളുമായി ബന്ധിപ്പിക്കുന്ന മിക്ക പ്രധാന റോഡുകളിലും ചെറിയ വഴികളിലും രാവിലെ മുതൽ കാറുകളുടെയും ബസുകളുടെയും നീണ്ട ക്യൂ ആണുണ്ടായിരുന്നത്. രണ്ട് പ്രധാന എമിറേറ്റുകളായ ദുബൈയെയും ഷാർജയെയും ബന്ധിപ്പിക്കുന്ന യു.എ.ഇയിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ അൽ ഇത്തിഹാദ് റോഡ്, അഥവാ ഇ11 റോഡ് സാധാരണ വേനൽക്കാല അവധി ദിവസങ്ങളേക്കാൾ വളരെ നേരത്തെ തന്നെ ഗതാഗത തിരക്കിലമർന്നിരുന്നു. വേനലവധി ദിവസങ്ങളിൽ അൽ ഇത്തിഹാദ് റോഡിൽ സാധാരണ രാവിലെ 7 മണിക്ക് ഗതാഗതക്കുരുക്ക് ആരംഭിക്കാറുണ്ട്. എന്നാൽ, ഇന്നലെ സ്‌കൂളുകൾ തുറക്കുന്നതിനാൽ തന്നെ ഗതാഗതക്കുരുക്ക് 45 മിനിറ്റ് മുൻപേ തന്നെ അനുഭവപ്പെട്ടിരുന്നു.
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അഥവാ ഇ311, ദുബൈയെയും ഷാർജയെയും ബന്ധിപ്പിക്കുന്ന മറ്റൊരു തിരക്കേറിയ ഇടനാഴിയാണ്. അൽ സാഹിയ സിറ്റി സെൻ്ററിൽ നിന്ന് ദുബൈ ദിശയിലുള്ള ഈ ഹൈവേയിലും ഗതാഗതക്കുരുക്ക് വളരെ കൂടുതലായിരുന്നു.
അബൂദബിയിൽ, പ്രത്യേകിച്ചും സായിദ് സിറ്റി, അൽ മുൻതസ, മറ്റ് ചില പ്രദേശങ്ങൾ എന്നിവയ്ക്ക് ചുറ്റുമുള്ള റോഡുകളിൽ ഇന്നലെ പുലർച്ചെ മുതൽ ഗതാഗത തിരക്കുണ്ടായിരുന്നുവെന്ന് വിവിധ റിപ്പോർട്ടുകളിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."