ഇതൊന്നും ഇവിടെ നടക്കില്ലെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി; തെറ്റിദ്ധരിപ്പിക്കുന്ന മരുന്ന് പരസ്യം തടയുന്ന ചട്ടം ഒഴിവാക്കിയ നടപടി കേന്ദ്ര വിജ്ഞാപനം കോടതി സ്റ്റേ ചെയ്തു
വിജ്ഞാപനം സുപ്രിംകോടതി ഉത്തരവ് ലംഘിക്കുന്നതാണെന്നും ഇതൊന്നും ഇവിടെ നടക്കില്ലെന്നും ജസ്റ്റിസുമാരായ ഹിമാ കോഹ് ലി, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ന്യൂഡല്‍ഹി: ആയുര്‍വേദ, യൂനാനി, സിദ്ധ മരുന്നുകമ്പനികള്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യംനല്‍കുന്നത് തടയുന്ന 1945ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ചട്ടത്തിലെ 170ാം വകുപ്പ് എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം സുപ്രിംകോടതി സ്റ്റേ ചെയ്തു. വിജ്ഞാപനം സുപ്രിംകോടതി ഉത്തരവ് ലംഘിക്കുന്നതാണെന്നും ഇതൊന്നും ഇവിടെ നടക്കില്ലെന്നും ജസ്റ്റിസുമാരായ ഹിമാ കോഹ് ലി, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 170ാം വകുപ്പുപ്രകാരം ഇത്തരം കമ്പനികള്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് ലൈസന്‍സിങ് അതോറിറ്റിയുടെ അനുമതി വേണം.
ഈ വകുപ്പിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് 2023 ഓഗസ്റ്റ് 29ന് കേന്ദ്ര ആയുഷ് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഈ നിര്‍ദേശം സുപ്രിംകോടതി ഉത്തരവുപ്രകാരം പിന്‍വലിച്ചെങ്കിലും ജൂലൈ ഒന്നിന് ഈ വകുപ്പ് പിന്‍വലിച്ചതായുള്ള വിജ്ഞാപനം പുറത്തിറക്കി. തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുമായി പരസ്യംനല്‍കുന്ന ബാബാ രാംദേവിന്റെ പതഞ്ജലി അടക്കമുള്ള കമ്പനികളെ സഹായിക്കാനാണ് ഈ വകുപ്പ് എടുത്തുകളഞ്ഞതെന്നായിരുന്നു ആക്ഷേപം.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്കെഴുതിയ കത്ത് പിന്‍വലിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. 2018ലാണ് 170ാം വകുപ്പ് 1945ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ചട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നത് വ്യാപകമായ പശ്ചാത്തലത്തിലായിരുന്നു ഇത്. ഈ വകുപ്പ് ഉപയോഗിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയകാര്യം പതഞ്ജലി കേസിലാണ് സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് നിര്‍ദേശം പിന്‍വലിക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടു.
നിര്‍ദേശം പിന്‍വലിച്ചെങ്കിലും ഈ വകുപ്പ് ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. ഇക്കാര്യം അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജാണ് ഇന്നലെ ബെഞ്ചിനെ അറിയിച്ചത്. കോടതി ഉത്തരവ് നിലനില്‍ക്കെ എന്ത് അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഈ വകുപ്പ് ഒഴിവാക്കിയതെന്ന് കോടതി ചോദിച്ചു. മരുന്നുകമ്പനികള്‍ തോന്നിയപോലെ പരസ്യം നല്‍കട്ടെയെന്നാണോ നിലപാടെന്ന് കോടതി ചോദിച്ചു. നിലപാട് വിശദമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് കെ.എം നടരാജ് വിശദീകരിച്ചെങ്കിലും കോടതി തൃപ്തരായില്ല. വ്യക്തമായ വിശദീകരണം വരുന്നതുവരെ വിജ്ഞാപനം സ്റ്റേ ചെയ്യുകയാണെന്ന് കോടതി വ്യക്തമാക്കി. നിങ്ങള്‍ ഞങ്ങളുടെ ഉത്തരവ് ലംഘിച്ചിരിക്കുന്നു. ഇതൊന്നും ഇവിടെ നടക്കില്ലെന്നും ബെഞ്ച് പറഞ്ഞു.
The Supreme Court has stayed the Centre's notification that removed Section 170 of the Drugs and Cosmetics Act, 1945, which regulated misleading advertisements by Ayurvedic, Unani, and Siddha medicine companies, including Patanjali. The Court has emphasized that this action contradicts its previous orders and could impact companies like Patanjali
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."