ഇൻ്റർപോൾ യങ് ഗ്ലോബൽ പൊലിസ് ലീഡേഴ്‌സ് പ്രോഗ്രാം: ഡീപ്ഫേക് വെല്ലുവിളികൾ ചർച്ച ചെയ്തു
ദുബൈ: ദുബൈ പൊലിസ് ആതിഥേയത്വം വഹിക്കുന്ന ഇന്റർപോൾ യങ് ഗ്ലോബൽ പൊലിസ് ലീഡേഴ്‌സ് പ്രോഗ്രാമിൽ (വൈ.ജി.എൽ.പി) നാലാം പതിപ്പിൻ്റെ മൂന്നാം ദിവസം 34 രാജ്യങ്ങളിൽ നിന്നുള്ള യുവ പൊലിസ് നേതാക്കളും ലോകമെമ്പാടുമുള്ള വിദഗ്ധ പ്രഭാഷകരും പരിശീലകരും പങ്കെടുത്തു. എ.ഐ രംഗത്ത് അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന സൗകര്യങ്ങൾക്കൊപ്പം തന്നെ ജനറേറ്റിവ് എ.ഐ, ഡീപ്ഫേക് എന്നീ സാങ്കേതിക വിദ്യകളിലെ അപകടങ്ങളും വെല്ലുവിളികളും വിശദമായി ചർച്ച ചെയ്തു.
ആഗോള സമൂഹങ്ങളും സുരക്ഷാ വെല്ലുവിളികളും നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്ന് ദുബൈ പൊലിസിലെ ജനറൽ ഡിപാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയരക്ടർ ബ്രിഗേഡിയർ ഹാരിബ് അൽ ഷംസി അഭിപ്രായപ്പെട്ടു. സഹകരണം, ആശയ വിനിമയം, അനുഭവ കൈമാറ്റം എന്നിവ വർധിപ്പിച്ചു കൊണ്ട് ഭാവിയിലെ പരിഷ്‌കാരങ്ങളുമായി പൊരുത്തപ്പെടാൻ പൊലിസും സുരക്ഷാ ഏജൻസികളും കൂടുതലായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു.
വൈ.ജി.എൽ.പി യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരിശീലന സഹകരണത്തിന് കാര്യമായ സംഭാവനകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് ബ്രിഗേഡിയർ അൽ ഷംസി കൂട്ടിച്ചേർത്തു. പൊലിസിൻ്റെയും സുരക്ഷാ പ്രവർത്തനങ്ങളുടെയും പിന്തുണയ്‌ക്കായി സാങ്കേതിക മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് തുടർച്ചയായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അസിസ്റ്റൻ്റ് ഡയരക്ടർ ബ്രിഗേഡിയർ ഡോ. സഈദ് അബ്ദുല്ല അൽ ഖംസി വെളിപ്പെടുത്തി. 'ക്രിമിനൽ ഐഡിയാസ് ഫ്രം ദി വേൾഡ് ഓഫ് എ.ഐ' എന്ന പേരിൽ പ്രത്യേക ശിൽപശാല നടന്നു. യുവ നേതാക്കൾ നിർദേശിച്ച ടീം പ്രൊജക്ടുകൾ, ശുപാർശകൾ, ആശയങ്ങൾ എന്നിവ വൈ.ജി.എൽ.പി വേദിയിൽ ശ്രദ്ധ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."