രാജിയില്ല?; മുൻപ് ആരോപണം നേരിട്ട കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചാൽ മുകേഷും രാജിവയ്ക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ മുകേഷ് രാജിവയ്ക്കില്ലെന്ന സൂചന നൽകി എൽ.ഡി.എഫ്. സി.പി.ഐയിൽനിന്ന് ഉൾപ്പെടെ സമ്മർദം ശക്തമാകുന്നതിനിടെ കൺവീനർ ഇ.പി ജയരാജനാണ് രാജി വേണ്ടെന്ന നിലപാട് വ്യക്തമാക്കിയത്. മുൻപ് ആരോപണം നേരിട്ട കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചാൽ മുകേഷും രാജിവയ്ക്കുമെന്നായിരുന്നു ജയരാജന്റെ പ്രതികരണം.
ആർക്കും പ്രത്യേക സംരക്ഷണം നൽകില്ലെന്ന് ജയരാജൻ പറഞ്ഞു. തെറ്റ് ചെയ്തവർക്കെതിരെ നടപടിയുണ്ടാകും. മുൻപ് രണ്ട് എം.എൽ.എമാർക്കെതിരെ പീഡനാരോപണം വന്നിട്ടും രാജിവച്ചില്ല. എല്ലാ എം.എൽഎമാർക്കും ഒരേ നിയമമാണ്. സർക്കാർ തെറ്റ് ചെയ്ത ആരെയും രക്ഷിക്കില്ല. കർക്കശമായ നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാജി ആവശ്യപ്പെടുന്നെങ്കിൽ കോൺഗ്രസിന്റെ രണ്ട് എം.എൽ.എമാരും ആദ്യം രാജിവയ്ക്കണം. കോടതിയുടെ നടപടികൾ വരട്ടെ. എല്ലാ എം.എൽ.എമാർക്കും ഒരേ നിയമമാണ് വേണ്ടത്. രണ്ട് എം.എൽ.എമാരും രാജിവച്ചാൽ മുകേഷും രാജിവയ്ക്കുമെന്നും ജയരാജൻ വ്യക്തമാക്കി.
മുകേഷ് എവിടെയാണെന്ന് അദ്ദേഹത്തോട് ചോദിക്കണം. ഇക്കാര്യത്തിൽ സി.പി.എം ഉന്നതമായ നിലപാട് സ്വീകരിക്കുന്നുണ്ട്. സ്ത്രീ സംരക്ഷണത്തിന് വേറൊരു സർക്കാരും ഇത്ര നടപടികളെടുത്തിട്ടില്ല. മുഖം നോക്കാതെ ശക്തമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സർക്കാരിനെ ആർക്കും കുറ്റം പറയാൻ കഴിയില്ല.
ഇതുപോലൊരു അന്വേഷണസംഘം ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണെന്നും ഒരാളോടും പ്രത്യേക മമതയില്ലെന്നും ഇ.പി ജയരാജൻ ചൂണ്ടിക്കാട്ടി. അതിനിടെ, മുകേഷ് വിഷയം ചർച്ച ചെയ്യാൻ സി.പി.ഐ അടിയന്തര എക്‌സിക്യൂട്ടീവ് വിളിച്ചിട്ടുണ്ട്. ഓൺലൈനായാണു യോഗം ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."