ടെലഗ്രാം സി.ഇ.ഒ പാവേല്‍ ദുരോവിന്റെ അറസ്റ്റ്; ഫ്രാന്‍സുമായുള്ള റഫാല്‍ വിമാനക്കരാറില്‍ നിന്നു പിന്‍മാറി യു.എ.ഇ
ടെലഗ്രാം സി.ഇ.ഒ പാവേല്‍ ദുരോവിന്റെ അറസ്റ്റിന് പിന്നാലെ ഫ്രാന്‍സില്‍ നിന്നും 80 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള 10 മില്യന്‍ ഡോളറിന്റെ (ഏകദേശം 83 കോടി രൂപ) ഇടപാടില്‍ നിന്നും യു.എ.ഇ പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍. യു.എ.ഇ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ടെലഗ്രാമിനെതിരെയുള്ള അന്വേഷണങ്ങളുടെ ഭാഗമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഫ്രാന്‍സില്‍ വച്ച് പാവേലിനെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കച്ചവടം, കുട്ടികളുടേതടക്കമുള്ള അശ്ലീല ദൃശ്യങ്ങള്‍ എന്നിവ ആപ്പിലൂടെ പ്രചരിക്കുന്നത് തടയാന്‍ കഴിയുന്നില്ലെന്നതാണ് ടെലഗ്രാമം നേരിടുന്ന പ്രധാന ആരോപണം. റഷ്യന്‍ വംശജനായ പാവേല്‍ നിലവില്‍ യു.എ.ഇയിലാണ് താമസം.
റഷ്യന്‍ പൗരനായി ജനിച്ച പാവേല്‍ റഷ്യന്‍ സക്കര്‍ബര്‍ഗെന്നാണ് അറിയപ്പെടുന്നത്. പ്രതിപക്ഷത്തിന് വിവരം ചോര്‍ത്തുന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് റഷ്യ വിട്ട പാവേലിന് നിലവില്‍ യു.എ.ഇ, ഫ്രാന്‍സ്, റഷ്യ, സെന്റ് കിറ്റസ് ആന്‍ഡ് നെവിസ് എന്നീ രാജ്യങ്ങളുടെ പൗരത്വമുണ്ട്. എന്നാല്‍ ടെലഗ്രാം ഉള്‍പ്പെടെയുള്ള പാവേലിന്റെ ബിസിനസ് കേന്ദ്രം യു.എ.ഇയാണ്. പാവേലിന്റെ അറസ്റ്റിന് പിന്നാലെയാണ് യു.എ.ഇ പ്രതിരോധ കരാര്‍ റദ്ദാക്കിയത്. ഇത് യു.എ.ഇ യുടെ ഭാഗത്തുനിന്നുള്ള ശക്തമായ പ്രതികരണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധസാങ്കേതിക സഹകരണം താത്കാലികമായി നിറുത്തി വച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസ് കൃത്യമായി നിരീക്ഷിക്കുകയാണെന്നും പാവേലിന് ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും നല്‍കാന്‍ ഫ്രാന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു യു.എ.ഇ വിദേശകാര്യ വകുപ്പ് പ്രതികരിച്ചത്. പാവേലിന് നയതന്ത്ര സഹായം ഉറപ്പാക്കുമെന്ന് റഷ്യയും അറിയിച്ചിട്ടുണ്ട്.
നോര്‍ത്ത് ഫ്രാന്‍സിലെ ലെ ബോര്‍ജെ (Le Bourget) വിമാനത്താവളത്തില്‍ വച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് സ്വകാര്യ ആഡംബര ജെറ്റില്‍ വന്നിറങ്ങിയ പാവേല്‍ ദുറോവിനെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ എന്തിനാണ് അദ്ദേഹം ഫ്രാന്‍സിലെത്തിയതെന്ന് വ്യക്തമല്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെ സന്ദര്‍ശിക്കാനാണെന്നും പ്രൈവറ്റ് ജെറ്റില്‍ ഇന്ധനം നിറയ്ക്കാനാണെന്നും തുടങ്ങി ഇക്കാര്യത്തില്‍ നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.
അതേസമയം, നാല് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ പാവേലിനെതിരെ ഫ്രഞ്ച് പ്രോസിക്യൂട്ടര്‍ കുറ്റം ചുമത്തിയെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങങ്ങളുടെ പ്രചരണം. സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് സഹായം നല്‍കല്‍, അന്വേഷണ സംഘങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പാവേലിനെതിരെ ചുമത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."