ഹൈറിച്ച്: 1651 കോടിയുടെ കള്ളപ്പണ ഇടപാടെന്ന് ഇ.ഡി
കൊച്ചി: ഹൈറിച്ച് തട്ടിപ്പിൽ 1651.65 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നതായി എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) കോടതിയിൽ സമർപ്പിച്ച കുറ്റപത്രം. കേസിൽ 37 പ്രതികളാണുള്ളത്. 11,500 പേജുള്ള കുറ്റപത്രമാണ് ഇ.ഡി കൊച്ചിയിലെ പി.എം.എൽ.എം കോടതിയിൽ സമർപ്പിച്ചത്.
പ്രധാന പ്രതികളായ പ്രതാപൻ, ഭാര്യ ശ്രീന എന്നിവർക്കുപുറമെ 15 പ്രൊമോട്ടർമാർ, റീത്ത, റിയാസ്, സിന്ധു പ്രകാശ്, ദിലീപ് ഷാജു, അനിൽ കുമാർ, സുരേഷ് ബാബു, ദിനുരാജ്, ഫിജിഷ് കുമാർ, അമ്പിളി എബ്രഹാം, ഗംഗാധരൻ, വി.എ സമീർ, ടി.ജെ ജിനിൽ, ടി.എം കനകരാജ്, എം. ബഷീർ, പി. ലക്ഷ്മണൻ, ഷമീന, മുനവർ, പ്രശാന്ത് പി. നായർ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
ഹൈറിച്ചിന്റെ 33.7 കോടി രൂപ ഇ.ഡി ഇന്നലെ മരവിപ്പിച്ചു. ഹൈറിച്ച് ഗ്രോസറി ബിസിനസ്, ഫാം സിറ്റി, എച്ച്.ആർ ക്രിപ്റ്റോ, എച്ച്.ആർ ഒ.ടി.ടി എന്നിങ്ങനെ വിവിധ പദ്ധതികളിൽ പ്രതികൾ പൊതുജനങ്ങളിൽനിന്ന് നിക്ഷേപം ശേഖരിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു.
ഓരോ പദ്ധതിയിലും നിക്ഷേപമെന്ന വ്യാജേന സ്വരൂപിച്ച പണം മറ്റാവശ്യങ്ങൾക്കായി വകമാറ്റി നിക്ഷേപകരെ കബളിപ്പിച്ചു. കുറ്റകൃത്യത്തിലൂടെ വരുമാനമുണ്ടാക്കാൻ സഹായിക്കുന്ന മറ്റ് പ്രൊമോട്ടർമാർക്കെതിരേയുള്ള അന്വേഷണം തുടരും. പിടിച്ചെടുത്ത വസ്തുവിൽനിന്ന് പണം തിരികെ ലഭിക്കാൻ ഇരകൾക്ക് കോടതിയെ സമീപിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."