വിവരസാങ്കേതിക വിദ്യ വിദ്യാഭ്യാസ പദ്ധതികളിലേക്കു വ്യാപിപ്പിക്കണം: ഉപരാഷ്ട്രപതി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റ സഹകരണത്തോടെ പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ഇ-സാക്ഷരത യജ്ഞത്തിന്റെ രണ്ടാം ഘട്ടമായ ഡിജിറ്റല്‍ ലൈബ്രറികളുടെ സംസ്ഥാന തല ഉദ്ഘാടനം ഉപരാഷ്ട്രപതി എം. ഹാമിദ് അന്‍സാരി തിരുവനന്തപുരത്തു കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു.
ഇന്റര്‍നെറ്റ് യുഗത്തിന്റെ പ്രയോജനം ഇപ്പോഴും ലഭിക്കാത്ത പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗം നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും ഉണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. വിവര സാങ്കേതിക വിനിമയത്തിലധിഷ്ഠിതമായി ശാക്തീകരിക്കപ്പെടുന്ന ജനത രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥക്ക് മുതല്‍ക്കൂട്ടാണ്. വിവര സാങ്കേതിക വിദ്യയുടെ ശേഷികള്‍ ഗ്രാമ വികസനത്തിലേക്കും വിദ്യാഭ്യാസ പദ്ധതികളിലേക്കും സംയോജിപ്പിക്കാന്‍ കഴിയണം. സര്‍ക്കാരുമായി ചേര്‍ന്ന് കേരളത്തില്‍ ഡിജിറ്റല്‍ ലൈബ്രറികളുടെ ശൃംഖല സൃഷ്ടിക്കാന്‍ നേതൃത്വം നല്‍കുന്ന പി. എന്‍ പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
ഡിജിറ്റല്‍ ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ കൂടിയ മൊബൈല്‍ ഉപയോഗ സാന്ദ്രത, വന്‍തോതിലുള്ള ഇന്റര്‍നെറ്റ് ഉപയോഗം എന്നീ കേരളത്തിലെ അനുകൂല ഘടകങ്ങള്‍ സഹായകമാകുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച കേരള ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര തലത്തിലെ വിജ്ഞാന വിപ്ലവങ്ങള്‍ക്കൊപ്പമെത്തുന്നതില്‍ കേരളം രാജ്യത്ത് എപ്പോഴും മുന്നിലായിരുന്നു എന്നു ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
നാടിന്റെയും ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഐ. ടി യുടെ വിവിധ തലങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഔദ്യോഗികവും അനൗദ്യാഗികവുമായ നീക്കങ്ങളിലൂടെ ഇതില്‍ മുന്നേറാന്‍ കഴിയും. എന്നാലേ പുതുതലമുറയുടെ ആഗ്രഹങ്ങള്‍ സഫലമാകൂവെന്നും ഈ പശ്ചാത്തലത്തിലാണ് പി. എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രസക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി. ജെ. കുര്യന്‍, മുന്‍ മന്ത്രി എം. വിജയകുമാര്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പി. എന്‍ പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്ര വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍ സ്വാഗതവും ഇന്ത്യന്‍ പബ്ലിക് ലൈബ്രറി മൂവ്‌മെന്റ് അഡൈ്വസര്‍ പ്രൊഫ. ജയരാജന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."