ബലാത്സംഗ പ്രതികള്‍ക്ക് വധശിക്ഷ: മമത സര്‍ക്കാറിന്റെ ബില്‍ ഇന്ന് സഭയില്‍
കൊല്‍ക്കത്ത: ബലാത്സംഗകൊലപാതകം, ബലാത്സംഗം കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള ബില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. 'അപരാജിത സ്ത്രീയും കുഞ്ഞും' എന്ന പേരിലാണ് ബില്‍ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ മാസം കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ബില്‍ കൊണ്ടുവരുന്നത്. സംസ്ഥാന നിയമമന്ത്രി മലയ ഘട്ടക് നിയമസഭയില്‍ പുതിയ ബില്‍ അവതരിപ്പിക്കും.
മുഖ്യമന്ത്രി മമത ബാനര്‍ജി ചൊവ്വാഴ്ച നിയമസഭയില്‍ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
ഭാരതീയ ന്യായ് സന്‍ഹിത 2023, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത 2023, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം 2012 എന്നിവക്കു കീഴിലുള്ള വ്യവസ്ഥകളില്‍ ഭേദഗതികള്‍ ആവശ്യപ്പെടുന്ന ബില്‍ ഇരയുടെ പ്രായം പരിഗണിക്കാതെ തന്നെ ബാധകമായിരിക്കും.
അത്തരം കേസുകളില്‍ ജീവപര്യന്തം തടവ് എന്നത് നിശ്ചിത വര്‍ഷങ്ങളല്ല, മറിച്ച് കുറ്റവാളിയുടെ ജീവിതത്തിന്റെ അവശേഷിക്കുന്ന വര്‍ഷങ്ങളായിരിക്കുമെന്നും ബില്‍ പറയുന്നു. സാമ്പത്തിക പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഉണ്ടാകും.
ബലാത്സംഗവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയം രണ്ടു മാസത്തില്‍ നിന്ന് 21 ദിവസമായി കുറക്കും. കുറ്റപത്രം തയ്യാറാക്കുന്നത് മുതല്‍ ഒരു മാസത്തിനുള്ളില്‍ വിധി പ്രസ്താവിക്കും. കോടതി നടപടികളുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താല്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും ബില്ലില്‍ നിര്‍ദേശിക്കുന്നു. ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നവര്‍ക്കും സമാനമായ തടവ് വ്യവസ്ഥകളുണ്ട്.
എന്നാല്‍ നിയമസഭയില്‍ ബില്‍ പാസാക്കിയാലും കേന്ദ്ര നിയമങ്ങളിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനാല്‍ ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."