ആവർത്തിച്ചുള്ള ലംഘനം : അബൂദബിയിൽ നിയമം ലംഘിച്ച റസ്റ്ററന്റ് അടച്ചുപൂട്ടി
അബൂദബി: ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ചതിന് അബൂദബി നഗരത്തിലെ ഖാലിദിയ മേഖലയിൽ പ്രവർത്തിക്കുന്ന റസ്റ്ററന്റ് അബൂദബി കാർഷിക-ഭക്ഷ്യ സുരക്ഷാ അതോറിറ്റി (അഡാഫ്‌സ) അടച്ചു പൂട്ടി. പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന വിധത്തിൽ പ്രവർത്തിച്ചതിനാണ് നടപടി. ഈ സ്ഥാപനം ട്രേഡ് ലൈസൻസ് നിയമം ലംഘിച്ചതായി കണ്ടെത്തി. റസ്റ്ററൻ്റിൻ്റെ ആവർത്തിച്ചുള്ള ലംഘനങ്ങളെ തുടർന്നാണ് അഡ്മിനിസ്ട്രേറ്റിവ് അടച്ചുപൂട്ടൽ തീരുമാനമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
കൂടാതെ, ഭക്ഷ്യ സുരക്ഷയിലും ഉപഭോക്തൃ ആരോഗ്യത്തിലും പ്രതികൂല സ്വാധീനം ചെലുത്തുന്ന ലംഘനങ്ങൾ പരിഹരിക്കുന്നതിന് ഫലപ്രദമായ തിരുത്തൽ നടപടികൾ നടപ്പിലാക്കുന്നതിൽ ഈ സ്ഥാപനം പരാജയപ്പെട്ടെന്നും അധികൃതർ വിശദീകരിച്ചു.
പ്രാണികളുടെ ശല്യം ഇല്ലായ്മ ചെയ്യുന്നതിലടക്കം നാല് നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അഡ്മിനിസ്ട്രേറ്റിവ് മുന്നറിയിപ്പ് ഈ സ്ഥാപനത്തിനെതിരെ പുറപ്പെടുവിച്ചിരുന്നു.
ആരോഗ്യകരവും സുരക്ഷിതവുമായ ഭക്ഷണത്തിനുള്ള എല്ലാ ആവശ്യങ്ങളും ഈ സ്ഥാപനം നിറവേറ്റുന്നത് വരെ അടച്ചു പൂട്ടൽ ഓർഡർ പ്രാബല്യത്തിലുണ്ടാകും. അബൂദബി എമിറേറ്റിലെ ഭക്ഷ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഭക്ഷ്യ സുരക്ഷാ ആവശ്യകതകൾക്കനുസൃതമായി മുഴുവൻ സ്ഥാപനങ്ങളും മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാനും ലക്ഷ്യമിട്ടുള്ള പരിശോധനാ യത്നങ്ങളുടെ ഭാഗമായാണ് ലംഘനങ്ങൾ ബോധ്യപ്പെട്ടു കൊണ്ടുള്ള അടച്ചുപൂട്ടൽ.
സ്ഥാപനങ്ങളുടെ സ്വഭാവവും ഭക്ഷ്യ ഉൽപന്നങ്ങളും പതിവ് പരിശോധനയ്ക്ക് വിധേയമാണ്.ഭക്ഷ്യ ലംഘനങ്ങളോ പരാതികളോ ഉണ്ടെങ്കിൽ പൊതുജനങ്ങൾ അബൂദബി ഗവൺമെൻ്റിൻ്റെ ടോൾ ഫ്രീ നമ്പറായ 800 555ൽ വിളിച്ച് അറിയിക്കണമെന്ന് അഡാഫ്‌സ അഭ്യർത്ഥിച്ചു. പരാതികളിന്മേൽ ഫുഡ് ഇൻസ്പെക്ടർമാർ ദ്രുത ഗതിയിൽ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."