'ഇന്നോളം ഒരു ബാറ്റ് കൈകൊണ്ട് തൊട്ടിട്ടില്ല ജെയ്ഷാ, എന്നിട്ടും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചുമതലക്കാരന്‍; ആറോ ഏഴോ പേര്‍ ചേര്‍ന്നാണ് രാജ്യം നിയന്ത്രിക്കുന്നതെന്നും രാഹുല്‍
അനന്ത്‌നാഗ് (ജമ്മു കശ്മീര്‍): കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും. ആറോ ഏഴോ പേര്‍ ചേര്‍ന്നാണ് രാജ്യത്തെ മുഴുവന്‍ കാര്യങ്ങളും നിയന്ത്രിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജീവിതത്തില്‍ ഇതുവരെ ക്രിക്കറ്റ് ബാറ്റ് കൈകളിലേന്തിയ പരിചയം പോലുമില്ലാതിരുന്നിട്ടും ക്രിക്കറ്റ് കളിയുടെ മുഴുവന്‍ ചുമതലക്കാരനായി മാറിയത് ഇതുവഴിയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. അനന്ത്‌നാഗില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കവേയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
'രാജ്യത്തെ എല്ലാ ബിസിനസും മൂന്നോ നാലോ പേര്‍ക്ക് നല്‍കുകയാണ്. അമിത് ഷായുടെ മകന്‍ ജീവിതത്തില്‍ ഒരിക്കലും ക്രിക്കറ്റ് ബാറ്റ് പിടിച്ചിട്ടില്ല. എന്നാല്‍, അയാളിപ്പോള്‍ ക്രിക്കറ്റിന്റെ മൊത്തം ചുമതലക്കാരനായി മാറിയിരിക്കുകയാണ്. ആറോ ഏഴോ പേരാണ് രാജ്യത്തിന്റെ മുഴുവന്‍ കാര്യങ്ങളും നിയന്ത്രിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ ഒന്നുംമിണ്ടാതെ എല്ലാം സഹിച്ചുകൊള്ളുമെന്നാണ് അവര്‍ ചിന്തിക്കുന്നത്' നിറഞ്ഞ കൈയടികള്‍ക്കിടെ രാഹുല്‍ പറഞ്ഞു.
അമിത് ഷായുടെ മകന്‍ ജെയ് ഷാ കഴിഞ്ഞ ആഴ്ചയാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) ചെയര്‍മാനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഗ്രെഗ് ബാര്‍ക്ലേക്കു പകരം ആ സ്ഥാനത്തെത്തിയ ജെയ് ഷാ ഡിസംബര്‍ ഒന്നിന് ചുമതലയേല്‍ക്കും. ഐ.സി.സി തലവനാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാകും ഈ ഗുജറാത്തുകാരന്‍. മുമ്പ് ക്രിക്കറ്റുമായി ബന്ധമൊന്നുമില്ലാതിരുന്ന ജെയ് ഷാ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെയാണ് പതിയെ കളിയുടെ അധികാരവഴികളിലേക്ക് എത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സിഐ) സെക്രട്ടറിയായി 2019ല്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം രാജ്യത്തിന്റെ ക്രിക്കറ്റ് ഭരിക്കുന്നത് അമിത് ഷായുടെ മകനും കൂട്ടാളികളുമാണ്.
ജഗ്മോഹന്‍ ദാല്‍മിയ, ശരദ് പവാര്‍, എന്‍. ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍ എന്നിവര്‍ക്കുപിന്നാലെ ഐ.സി.സി തലവനാകുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് ജെയ് ഷാ. ഐ.സി.സി ചെയര്‍മാന്‍ പദവി ഏറ്റെടുക്കുന്നതോടെ ബി.സി.സി.ഐ സെക്രട്ടറി സ്ഥാനത്തുനിന്നും ജെയ് ഷാക്ക് പടിയിറങ്ങേണ്ടിവരും.
सारे बिजनेस देश के 3-4 लोगों को ही मिलते हैं।
— Congress (@INCIndia) September 4, 2024
अमित शाह के बेटे ने कभी क्रिकेट बैट नहीं उठाया, वो क्रिकेट का इंचार्ज बन गया है।
: नेता विपक्ष श्री @RahulGandhi
📍 अनंतनाग, जम्मू-कश्मीर pic.twitter.com/wUylZ7QSul
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."