റെയില്‍വേയിലെ ജോലി രാജിവച്ച് വിനേഷ് ഫോഗട്ട്; കോണ്‍ഗ്രസ് പ്രവേശനം ഉടന്‍
ന്യൂഡല്‍ഹി: ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ത്യന്‍ റെയില്‍വേയിലെ ജോലി രാജിവെച്ചു. താരം തന്നെയാണ് ഇക്കാര്യം എക്‌സ് പ്ലാറ്റ് ഫോമില്‍ കൂടി അറിയിച്ചത്. നീക്കം കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്നോടിയാണെന്നാണ് വിവരം.
'ഇന്ത്യന്‍ റെയില്‍വേയോട് ചേര്‍ന്നിരിക്കുന്ന എന്റെ ജീവിതത്തെ അതില്‍നിന്ന് വേര്‍പ്പെടുത്താന്‍ ഞാന്‍ തീരുമാനിച്ചു. രാജിക്കത്ത് ബന്ധപ്പെട്ട റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതില്‍ ഇന്ത്യന്‍ റെയില്‍വേ കുടുംബത്തോട് എന്നും ഞാന്‍ നന്ദിയുള്ളവളായിരിക്കും'- വിനേഷ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങില്‍ വിനേഷ് ഫോഗട്ടും ഗുസ്തി താരം ബജ്‌റംഗ് പൂനിയയും കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വമെടുക്കും. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുവരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
പാരിസ് ഒളിമ്പിക്സിനു ശേഷം നാട്ടില്‍ മടങ്ങിയെത്തിയ വിനേഷ് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.
ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ സിങ്ങിനെതിരായ ലൈംഗികാരോപണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധ പരിപാടികളില്‍ വിനേഷും ബജ്രംഗും മുന്‍നിരയിലുണ്ടായിരുന്നു. ഗുസ്തിതാരങ്ങള്‍ സമരം നടത്തിയവേളയില്‍ താരങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ആരോപണത്തെ തുടര്‍ന്ന് സിറ്റിങ് എം.പിയായിരുന്ന ബ്രിജ് ഭൂഷനെ ബി.ജെ.പി തെരഞ്ഞെടുപ്പില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. കൈസര്‍ഗഞ്ച് മണ്ഡലത്തില്‍നിന്ന് ബ്രിജ് ഭൂഷന്റെ മകന്‍ കരണ്‍ ഭൂഷനാണ് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചത്.
കേന്ദ്ര സര്‍ക്കാറിനെതിരായ പോരാട്ട വേദികളില്‍ നേരത്തെയും നിറസാന്നിധ്യമായിട്ടുണ്ട് വിനേഷ്. കഴിഞ്ഞ ദിവസം കര്‍ഷക സമരവേദിയിലെത്തിയും കേന്ദ്രസര്‍ക്കാരിനെതിരെ വിനേഷ് ഫോഗട്ട് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംഭുവിലെ കര്‍ഷകരുടെ സമരപന്തലിലാണ് വിനേഷ് എത്തിയത്. കര്‍ഷകന്റെ മകളായ താന്‍ എന്നും കര്‍ഷക പ്രതിഷേധങ്ങള്‍ക്കൊപ്പം നില്‍ക്കും. കര്‍ഷകരാണ് രാജ്യത്തിന്റെ ശക്തി. അവരെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കര്‍ഷകര്‍ തെരുവില്‍ ഇരുന്നാല്‍ രാജ്യത്തിന് പുരോഗതിയുണ്ടാകില്ലെന്നും വിനേഷ് ചൂണ്ടിക്കാട്ടി.
പാരിസ് ഒളിമ്പിക്സില്‍ 50 കിലോ വിഭാഗം വനിതാ ഗുസ്തിയില്‍ ഫൈനല്‍ വരെയെത്തിയ വിനേഷ് ഫോഗട്ടിനെ സ്വര്‍ണ മെഡല്‍ പോരാട്ടത്തിനു തൊട്ടുമുന്‍പ് അയോഗ്യയാക്കിയിരുന്നു. ശരീര ഭാരം 100 ഗ്രാം കൂടിയതിന്റെ പേരിലാണ് താരത്തെ അയോഗ്യയാക്കിയത്. വെള്ളി മെഡല്‍ നല്‍കണമെന്ന ആവശ്യവുമായി വിനേഷ് രാജ്യാന്തര കായിക കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും താരത്തിന്റെ ആവശ്യം തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."