ട്രെയിന്‍ ടിക്കറ്റില്ല, വിമാന യാത്ര പൊള്ളും, ബസ് നിരക്കില്‍ ഇരട്ടി വര്‍ധന; ഓണത്തിന് നാട്ടിലെത്താന്‍ മലയാളി വിയര്‍ക്കും
കണ്ണൂര്‍: ഓണക്കാലത്ത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്താന്‍ മലയാളികള്‍ പാടുപെടും. വിമാന- ബസ് നിരക്കിലുണ്ടായ വന്‍ വര്‍ധനയാണ് കാരണം. അന്തര്‍ സംസ്ഥാന ബസ് സര്‍വിസ് നിരക്ക് ഇരട്ടിയോളമാണ് വര്‍ധിച്ചത്. വിമാന ടിക്കറ്റ് നിരക്കും കുത്തനെ ഉയര്‍ന്നു. ട്രെയിനുകളിലാകട്ടെ ടിക്കറ്റ് ലഭിക്കാനില്ല.
രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്കുള്ള ട്രെയിനുകളിലെ സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ ജൂലൈ പകുതിയായപ്പോള്‍ തന്നെ തീര്‍ന്നു. ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കയറാമെന്ന് വിചാരിച്ചാല്‍ കാല്‍ കുത്താന്‍ പോലും സ്ഥലം ലഭിക്കില്ല. സാധാരണ ദിവസങ്ങളില്‍ ബംഗളൂരു- കണ്ണൂര്‍ റൂട്ടില്‍ നോണ്‍ എ.സി ബസില്‍ 650 രൂപ മുതലും സെമി സ്ലീപ്പറില്‍ 800 രൂപ മുതലുമാണ് ടിക്കറ്റ് നിരക്കെങ്കില്‍ ഇപ്പോഴത് 1,000ത്തിന് മുകളില്‍ കടന്നു. ഓണത്തലേന്ന് നോണ്‍ എ.സിയില്‍ 2,000 രൂപ നിരക്കാണ് പല സ്വകാര്യ ബസുകളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള എ.സി മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസുകളിലെ ടിക്കറ്റ് നിരക്ക് 4,000, 5,000 രൂപ വരെയായി ഉയര്‍ന്നു. നിലവില്‍ ഓണത്തലേന്നായ 13ന് ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് 2,999 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓണത്തിനോടനുബന്ധിച്ച് കേരള ആര്‍.ടി.സി 58 സ്പെഷല്‍ ബസുകള്‍ പ്രഖ്യാപിച്ചെങ്കിലും 12, 13 തീയതികളിലെ രാത്രി സര്‍വിസ് ടിക്കറ്റുകള്‍ ഇതിനകം വിറ്റഴിഞ്ഞു.
വിമാന ടിക്കറ്റിനും പൊള്ളും നിരക്കാണ്. മറ്റു രാജ്യങ്ങളില്‍ നിന്നും പ്രധാന നഗരങ്ങളില്‍ നിന്നും കേരളത്തിലേക്കെത്താന്‍ വലിയ തുകയാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്. കഴിഞ്ഞ മാസം 15ന് ശേഷം അഞ്ചിരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സാധാരണ 12,000 രൂപ മുതല്‍ 15,000 രൂപയ്ക്ക് ലഭ്യമാകുന്ന ടിക്കറ്റുകള്‍ക്ക് ഒറ്റയടിക്ക് 50,000 രൂപയ്ക്ക് മുകളിലായി.
അടുത്തയാഴ്ച ബംഗളൂരുവില്‍ നിന്നും കണ്ണൂരിലെത്താനുള്ള ഇന്‍ഡിഗോ വിമാന നിരക്ക് 5,300 മുതല്‍ 8,250 രൂപ വരെയാണ് നിലവിലെ നിരക്ക്. പ്രവാസികളോടു വിമാന കമ്പനികള്‍ സ്വീകരിക്കുന്ന കൊള്ള പലതവണ ജനപ്രതിനിധികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഫലമുണ്ടായിട്ടില്ല. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള കമ്പനികളുടെ അധികാരത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് മറുപടി.
ചെന്നൈ, ബംഗളൂരു, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിലും ടിക്കറ്റില്ല. ഇതേ നഗരങ്ങളിലേക്ക് കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ നിന്ന് സെപ്തംബര്‍ 16നും സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് കിട്ടാനില്ല. തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്കും തിരിച്ചും പോകാന്‍ പോലും ട്രെയിന്‍ ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണ്. ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച ട്രെയിനുകളെല്ലാം സ്‌പെഷല്‍ ഫെയര്‍ എക്സ്പ്രസ് ആയാണ് ഓടുന്നത്. അതിനാല്‍ ഇരട്ടി നിരക്ക് അവിടെയും നല്‍കണം.
എല്ലാ വര്‍ഷവും ഓണം സീസണില്‍ യാത്രാപ്രശ്നം ചര്‍ച്ചയാകുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പരിഹാര നടപടികളൊന്നുമുണ്ടാകുന്നില്ല. ഇതാണ് അന്തര്‍ സംസ്ഥാന ബസുടമകള്‍ മുതലെടുക്കുന്നത്. ഓണാവധിക്ക് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുമ്പ് സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിക്കുന്ന രീതിയാണ് റെയില്‍വേ സ്വീകരിക്കുന്നത്. ഇത് മാറ്റണമെന്ന് നിരന്തരം യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും കാര്യമുണ്ടായിട്ടില്ല.
കൊവിഡിന് മുമ്പുണ്ടായിരുന്ന ആലപ്പുഴ -ധന്‍ബാദ് എക്സ്പ്രസ്, ന്യൂഡല്‍ഹി -തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, എറണാകുളം -ഹസ്രത്ത് നിസാമുദ്ദീന്‍ തുടങ്ങി മിക്ക ദീര്‍ഘദൂര ട്രെയിനുകളും കോച്ചുകള്‍ എല്‍.എച്ച്.ബിയിലേക്ക് മാറ്റിയതോടെ ജനറല്‍ കോച്ചുകളുടെ എണ്ണം കുറച്ചതും തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഉത്സവ സീസണുകളില്‍ സ്വകാര്യ ബസുകളുടെ കൊള്ളനിരക്ക് നിയന്ത്രിക്കാന്‍ നിയമനിര്‍മാണം ഉള്‍പ്പെടെ നടത്തുമെന്ന് കേരള, കര്‍ണാടക സര്‍ക്കാരുകള്‍ പല തവണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നും നടന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."