പുളി ഇഞ്ചി ഇല്ലാതെ ഓണസദ്യയോ..! വായില്‍ വെള്ളമൂറും രുചിയില്‍ തയാറാക്കാം പുളിയിഞ്ചി
സദ്യക്ക് ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത വിഭവമാണ് പുളിയിഞ്ചി. ഓണമായല്ലോ നമുക്കും ചെറിയ രീതിയിലൊരു സദ്യ തയാറാക്കണമെന്നുണ്ടെങ്കില് പുളി ഇഞ്ചിയെ മറക്കല്ലേ. അത്ര എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും ചോറിനാണെങ്കില്‍ പിന്നെ വേറെ ഒന്നും വേണ്ടെന്ന രീതിയുലുള്ള കിടു ടേസ്റ്റുമാണ്.
പുളി (കുറച്ച് പഴകിയ കറുത്ത പുളി)- 100 ഗ്രാം
ഇഞ്ചി - 100 ഗ്രാം
പച്ചമുളക് - 50 ഗ്രാം
വറ്റല്‍ മുളക് - 50 ഗ്രാം
ഉലുവപൊടി - ഒരു ടീസ്പൂണ്‍
ശര്‍ക്കര - 150 ഗ്രാം
കറിവേപ്പില
ഒരു കടായിയോ ഉരുളിയോ അടുപ്പത്തു വച്ച് അതിലേക്ക് നന്നായി കുതിര്‍ത്തുവച്ച പുളി ഒഴിക്കുക. ഇതിലേക്ക് കുറച്ചു മഞ്ഞള്‍ പൊടിയും മുളകുപൊടിയും ചേര്‍ക്കുക. എന്നിട്ട് തിളച്ചുവരുമ്പോള്‍ ഇതിലേക്ക് പച്ചമുളകും കുനുകുനെ അരിഞ്ഞ ഇഞ്ചിയും ഇടുക. ഇനി ഇത് നന്നായി വേവിക്കുക. കുറുകി വരുമ്പോള്‍ ഇത്തിരി ഉപ്പും ശര്‍ക്കരയും ചേര്‍ക്കുക. പുളി ഇഞ്ചി റെഡിയായി.
ഇനി വറുത്തിടാം
വെളിച്ചെണ്ണയില്‍ കടുക് ഇട്ട് ഉണക്കമുളകും കറിവേപ്പിലയും ചേര്‍ത്ത് പൊട്ടിച്ച് ഒഴിക്കുക. ഒരു സ്പൂണ്‍ ഉലുവാ പൊടിയും കൂടേ ചേര്‍ത്ത് ഒന്നുകൂടെ ഇളക്കുക. ഇനിയൊന്നു കഴിച്ചു നോക്കിയേ... വായില്‍ വെള്ളമൂറും. അത്രയ്ക്കും രുചിയാണിതിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."