സ്വര്‍ണക്കൊള്ള: തന്ത്രിക്ക് ജാമ്യം നല്‍കിയ ഉത്തരവിനെതിരെ എസ്.ഐ.ടി ഹൈക്കോടതിയിലേക്ക്
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം അനുവദിച്ച കൊല്ലം വിജിലന്‍സ് കോടതിവിധിക്കെതിരേ എസ്.ഐ.ടി ഹൈക്കോടതിയെ സമീപിക്കും. അപ്പീല്‍ നല്‍കിയാല്‍ അനുകൂല വിധിയുണ്ടാകാന്‍ സാഹചര്യമുണ്ടെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് നടപടി. കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍, വസ്തുതകള്‍ മനസ്സിലാക്കാതെയെന്നാണ് എസ്.ഐ.ടിയുടെ ആക്ഷേപം. തന്ത്രിക്കെതിരെ നിരവധി തെളിവുകളുണ്ട്. ജാമ്യ ഹരജിയില്‍ ഈ തെളിവുകള്‍ പൂര്‍ണമായും കോടതിയില്‍ ഹാജരാക്കിയിട്ടില്ല. കീഴ്‌കോടതി ഉത്തരവ് കേസിന് തിരിച്ചടി ഉണ്ടാക്കുമെന്നും ഉത്തരവിലെ പരാമര്‍ശങ്ങള്‍ പൂര്‍ണമായും നീക്കണമെന്നും ആവശ്യപ്പെട്ടാണ് എസ്.ഐ.ടി ഹൈക്കോടതിയെ സമീപിക്കുക.
40 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കണ്ഠരര് രാജീവര്ക്ക് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. തന്ത്രിക്കെതിരെ തെളിവിന്റെ ഒരംശം പോലുമില്ലെന്ന കോടതിയുടെ നിരീക്ഷണം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കങ്ങളെ തടഞ്ഞതിലുള്ള രാഷ്ട്രീയ പ്രതികാരമാണ് തന്റെ അറസ്റ്റിന് പിന്നിലെന്ന് കണ്ഠരര് രാജീവര് കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഈ ആരോപണം ഏറ്റുപിടിച്ചുകൊണ്ട് പ്രതിപക്ഷവും സര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു.
കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ അനാവശ്യമായി ഇടപെട്ടുവെന്നും ആചാര സംരക്ഷണത്തിന് നിന്നതിനെതിരെയാണ് തന്ത്രിയോട് സര്‍ക്കാര്‍ അറസ്റ്റിന് ചെയ്തതെന്നും ആരോപണം ഉയര്‍ന്നു. തെളിവില്ലാതെ തന്ത്രിയെ പ്രതിചേര്‍ത്തത് അന്വേഷണ സംഘത്തിന്റെ നിഷ്പക്ഷത ചോദ്യം ചെയ്യുന്ന കാര്യമാണ്.
അതേസമയം, തന്ത്രിയുടെ അറസ്റ്റില്‍ ഗൂഢാലോചനയില്ലെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. തന്ത്രിയുടെ വാദങ്ങള്‍ക്കെതിരേയാണ് മന്ത്രി രം?ഗത്തെത്തിയത്. അറസ്റ്റില്‍ സര്‍ക്കാര്‍ ഗൂഢാലോചനയില്ലെന്നും സ്വര്‍ണക്കൊള്ളയിലെ അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്നും എസ്.ഐ.ടി അന്വേഷണത്തില്‍ സര്‍ക്കാരിന് ഇടപെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുഘട്ടത്തിലും സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. ഇടപെടാനാകുമായിരുന്നെങ്കില്‍ പത്മകുമാര്‍ അറസ്റ്റിലാകുമായിരുന്നോയെന്നും മന്ത്രി ചോദിച്ചു.
അതിനിടെ, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തന്ത്രി കണ്ഠരര് രാജീവര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എന്‍. വാസുവിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ (ഇ.ഡി) സമന്‍സ്. ഇരുവരോടും മാര്‍ച്ച് ആദ്യവാരം ഹാജരാകാനാണ് ഇ.ഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ എസ്.ഐ.ടിയുടെ പ്രതിപ്പട്ടികയിലുള്ള മുഴുവന്‍ ആളുകളെയും ഇ.ഡി ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നുണ്ട്.
The Special Investigation Team (SIT) will approach the Kerala High Court challenging the bail granted to Kandararu Rajeevaru, a key accused in the Sabarimala gold theft case. The bail was granted by the Kollam Vigilance Court after he spent 40 days in custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."