സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
റിയാദ്: സഊദിയിലെ കിഴക്കൻ പ്രവിശ്യയിൽ പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ദമ്മാമിലെ അൽ നഖീൽ ഡിസ്ട്രിക്ടിൽ മൂന്നുനില കെട്ടിടത്തിലാണ് ഫ്ലാറ്റിലാണ് പാചകവാതക ചോർച്ചയെ തുടർന്ന് സ്ഫോടനമുണ്ടായത്. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
ഫർണീഷ്ഡ് അപ്പാർട്ട്മെൻറുകൾ ഉള്ള കെട്ടിടത്തിലെ മൂന്നാം നിലയിലാണ് സ്ഫോടനം നടന്ന ഫ്ലാറ്റ്. ഉഗ്രസ്ഫോടനത്തോടെയുണ്ടായ തീ പിടുത്തത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ 20 ഓളം പേർക്ക് പരിക്കേറ്റിണ്ടുണ്ട്. ഇവരിൽ മൂന്ന് പേർ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രികളിലേക്ക് മാറ്റി.
സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സ്ഫോടനത്തിൽ ഫ്ലാറ്റിന്റെ ചുമരുകളും വീട്ടുപകരണങ്ങളും ചിതറിതെറിച്ചിരുന്നു. ഇവ പതിച്ച് സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചുട്ടുണ്ട്. പരിക്കേറ്റവരിൽ വിദേശികളുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മരണപ്പെട്ടവരുടെ വിശദാംശങ്ങളോന്നും പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."