രേഖകളില്ലാത്ത ബയോമെട്രിക് യാത്രാ സംവിധാനം
ദുബൈ: രേഖകളില്ലാതെ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാൻ അനുവദിക്കുന്ന ബയോമെട്രിക് സംവിധാനം ദുബൈ എയർപോർട്ട് ഉടൻ അവതരിപ്പിക്കും. ദുബൈയിലെ വിമാനത്താവളങ്ങളിലുടനീളം സ്ഥാപിക്കുന്ന കാമറകൾ വ്യക്തി നടക്കുമ്പോൾ ഫോട്ടോ എടുക്കുകയും അയാളുടെ രേഖകളുമായി താരതമ്യം ചെയ്യുകയും ചെയ്തു കൊണ്ടാണിത് സാധ്യമാക്കുന്നത്.
ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ (ഡി.ഡബ്ലിയു.ടി.സി) നടന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക ഇവൻ്റുകളിലൊന്നായ ജൈറ്റെക്‌സ് ഗ്ലോബലിലാണിത് പരിചയപ്പെടുത്തിയത്. 'കുടിയേറ്റത്തിൻ്റെ ഭാവി' എന്ന് വിളിക്കപ്പെടുന്ന ഈ സംവിധാനം യാത്രക്കാരെ എമിഗ്രേഷൻ കൗണ്ടറുകളിൽ ക്യൂ നിൽക്കാതെ നിമിഷങ്ങൾക്കുള്ളിൽ വിമാനത്താവളത്തിലൂടെ നടക്കാൻ അനുവദിക്കും.
ദുബൈ എയർപോർട്ടുകളിലൂടെ കടന്നു പോകുമ്പോൾ പാസ്‌പോർട്ട് എടുക്കാനും ബന്ധപ്പെട്ട യാത്രാ രേഖകൾ കാണിക്കാനും ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാൻ ഈ സംവിധാനം വഴിയൊരുക്കും. 9 സെക്കൻഡിനുള്ളിൽ എമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ യാത്രക്കാരെ സഹായിക്കുന്ന ഫാസ്റ്റ് ട്രാക്ക് പാസ്‌പോർട്ട് നിയന്ത്രണ സേവനം 2021ൽ ദുബൈയിൽ ആരംഭിച്ചതടക്കം തടസമില്ലാത്ത യാത്രയ്ക്ക് നിരവധി വർഷങ്ങളായി ദുബൈ എയർപോർട്സ് മുൻഗണന നൽകിയിട്ടുണ്ട്.
സൗകര്യപ്രദമായ യാത്രയ്ക്ക് അബൂദബിയും നടപടികളെടുത്തിട്ടുണ്ട്. ജൂലൈ 21ന് അബൂദബി എയർപോർട്സ് ബയോമെട്രിക് സ്മാർട്ട് ട്രാവൽ പ്രോജക്റ്റ് ലോഞ്ച് പ്രഖ്യാപിച്ചിരുന്നു. ഓട്ടോമേറ്റഡ് ട്രാവലർ രജിസ്ട്രേഷൻ സേവനം, സ്വയം സേവന ലഗേജ് ഡെലിവറി, ഇ-ഗേറ്റുകളിലും ബോർഡിംഗ് ഗേറ്റുകളിലും മുഖം തിരിച്ചറിയൽ പരിശോധന എന്നിവ അത് വാഗ്ദാനം ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."