എം.എല്‍.എ ഇടപെട്ടു; ചീക്കോട് കുടിവെള്ള പദ്ധതിയില്‍ പള്ളിക്കല്‍ പഞ്ചായത്തും
പള്ളിക്കല്‍: പള്ളിക്കല്‍ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ചീക്കോട് കുടിവെള്ള പദ്ധതിയില്‍ പള്ളിക്കല്‍ പഞ്ചായത്തിനെ ഉള്‍പ്പെടുത്താന്‍ നടപടിയായി. വകുപ്പ് മന്തിയുമായി പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഇന്നലെ തിരുവനന്തപുരത്തു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ബന്ധപ്പെട്ട വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു.
മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ഒരുമാസം മുന്‍പ് എം.എല്‍.എ യുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്തിരുന്നു. അതതു പഞ്ചായത്തുകള്ക്കനുയോജ്യമായ പദ്ധതികള്‍ പ്രയോജനപ്പെടുത്താനുള്ള യോഗത്തിലെ നിര്‍ദേശപ്രകാരം പള്ളിക്കല്‍ പഞ്ചായത്തിനെ ചീക്കോട് കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു യോഗത്തില്‍ ആവശ്യമുന്നയിച്ചത്. തുടര്‍ന്നാണ് എം.എല്‍.എ ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത്. പള്ളിക്കലിന്റെ സമീപ പഞ്ചായത്തായ പുളിക്കലില്‍ നിര്‍മിച്ച ടാങ്കില്‍നിന്നാണ് പള്ളിക്കല്‍ പഞ്ചായത്തിലേക്കു കുടിവെള്ളം കൊണ്ടുവരുന്നതിനാവശ്യമായ പൈപ്പ്ലൈന് സ്ഥാപിക്കുക. പുളിക്കല്‍ പഞ്ചായത്ത് ചീക്കോട് കുടിവെള്ള പദ്ധതിയില്‍ നേരത്തെ ഉള്‍പ്പെട്ടതാണ്. പള്ളിക്കല്‍ പഞ്ചായത്തിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ സാമ്പത്തിക ബാധ്യത കൂടുതലുണ്ടാവുകയില്ലാ എന്നതാണ് പ്രത്യേകത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."