ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍
ഗസ്സ: ഗസ്സയില്‍ കഴിഞ്ഞുപോയത് രക്തരൂഷിതമായ 24 മണിക്കൂര്‍. മധ്യ, വടക്കന്‍ ഗസ്സയില്‍ മിസൈല്‍ വര്‍ഷത്തിന്റെ ഇരമ്പലുകള്‍ നിലയ്ക്കാത്ത ദിവസമായിരുന്നു ഇന്നലെ. 60 പേരാണ് 24 മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 12 പേര്‍ ജബലിയ അഭയാര്‍ഥി ക്യാംപില്‍ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
മേഖലയില്‍ പ്രശസ്തരായ അല്‍സയ്യിദ് കുടുംബത്തിലെ ഏഴുപേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ് വക്താവ് മഹമൂദ് ബസല്‍ അറിയിച്ചു. ഗസ്സയുടെ പ്രാന്തപ്രദേശത്തെ റോഡരികില്‍ നിന്നാണ് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ബിര്‍ക്കാത്ത് അബൂറാഷിദ് ഏരിയയില്‍ മൂന്നുപേരും കൊല്ലപ്പെട്ടു. ഇവിടെ നിരവധിയാളുകള്‍ക്കാണ് പരുക്കേറ്റത്. ഖാന്‍യൂനുസിലെ അല്‍ഫുഖാരി ജില്ലയില്‍ ആറുപേരും കിഴക്കന്‍ ഖാന്‍യൂനുസിലെ ബനൂസുഹൈല കുടുംബത്തില്‍പ്പെട്ട പത്തുപേരും കൊല്ലപ്പെട്ടു. ഇതോടെ 274 ദിവസം പിന്നിട്ട ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 42,289 ആയി. 98,684 പേര്‍ക്ക് പരുക്കേറ്റു.
ഗസ്സയ്ക്കു നേര്‍ക്കുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്‌റാഈലിനെതിരേ ആഗോളസമൂഹം ഉപരോധം ഏര്‍പ്പെടുത്തണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടു. എല്ലാ രാജ്യാന്തര മരാദ്യയും ലംഘിച്ച ഇസ്‌റാഈലിനെ ഒറ്റപ്പെടുത്തുകയല്ലാതെ മറ്റൊരു പരിഹാരമില്ലെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി ഹകാന്‍ ഫിദാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."