'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം
വാഷിങ്ടണ്‍: ഗസ്സക്കെതിരായ ആക്രമണങ്ങള്‍ ഉള്‍പെടെ എല്ലാ 'ക്രൈമുകളിലും' കൈകോര്‍ത്തു നില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന്റേയും ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടേയും ബന്ധത്തിന്റെ യഥാര്‍ഥ മുഖം തുറന്നു കാട്ടി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം. മുതിര്‍ന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ബോബ് വുഡ്‌വാര്‍ഡിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'വാര്‍' എന്ന പുസ്തകത്തിലാണ് വെളിപെടുത്തല്‍. നെതന്യാഹുവിനെ ബൈഡന്‍ പെരും നുണയനെന്നും വൃത്തികെട്ടവനെന്നും വിളിച്ചതായി പുസ്തകത്തില്‍ വിവരിക്കുന്നു.
തന്റെ ഒരു സഹായിയുമായി നടത്തിയ സ്വകാര്യസംഭാഷണത്തിനിടയിലാണ് ബൈഡന്‍ നെതന്യാഹുവിനെതിരെ അസഭ്യവര്‍ഷം നടത്തിയതെന്നാണ് വെളിപ്പെടുത്തല്‍. പെരുംനുണയനെന്നാണ് സംസാരത്തില്‍ നെതന്യാഹുവിനെ യുഎസ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. 'തെണ്ടിയുടെ മകന്‍', 'വൃത്തികെട്ട മനുഷ്യന്‍' സണ്‍ ഓഫ് ബിച്ച് തുടങ്ങി കേട്ടാലറക്കുന്ന പ്രയോഗങ്ങളാണ് ബൈഡന്‍ നടത്തുന്നത്. 2024ന്റെ ആരംഭത്തില്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം കടുപ്പിക്കുമ്പോഴായിരുന്നു ഈ പരാമര്‍ശങ്ങള്‍.
പുസ്തകത്തിലെ വെളിപ്പെടുത്തലിനെ കുറിച്ചു ചോദിച്ചപ്പോള്‍ ഇതിനുമപ്പുറം ബൈഡന്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു ബോബ് വുഡ്‌വാര്‍ഡ് പ്രതികരിച്ചത്. നെതന്യാഹുവിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സഹായികളില്‍ 19ല്‍ 18 പേരും നുണയന്മാരാണെന്നായിരുന്നുവത്രെ ബൈഡന്‍ പറഞ്ഞത്. എന്നാല്‍, ഇതേ സമയം തന്നെ നമ്മള്‍ ഇസ്രായേല്‍ സഖ്യകക്ഷികളാണെന്ന നയതന്ത്രഭൗമതന്ത്ര യാഥാര്‍ഥ്യം അവിടെ നിലനില്‍ക്കുന്നുണ്ടെന്നും ബോബ് വുഡ്‌വാര്‍ഡ് സൂചിപ്പിക്കുന്നു. ബൈഡന്റെ നയവും ഇസ്രായേല്‍ അനുകൂലമായിരുന്നു. ഇതില്‍ അടിയുറച്ചുനില്‍ക്കുകയായിരുന്നു അദ്ദേഹവും ചെയ്തതെന്നും ബോബ് വുഡ്‌വാര്‍ഡ് പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനെ കുറിച്ചും ബൈഡന്‍ സമാനമായ പരാമര്‍ശം നടത്തുന്നുണ്ട്. 'വൃത്തികെട്ട പുടിന്‍' എന്നായിരുന്നുവത്രെ ബൈഡന്‍ വിശേഷിപ്പിച്ചത്. പുടിന്‍ പിശാചാണെന്നും പൈശാചികതയുടെ മൂര്‍ത്തീഭാവമാണെന്നും ബൈഡന്‍ പറയുന്നു. റഷ്യ ഉക്രൈനില്‍ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഓവല്‍ ഓഫിസില്‍ ഉപദേഷ്ടാക്കളുമായുള്ള സംസാരത്തിലായിരുന്നു ബൈഡന്റെ പരാമര്‍ശം.
ബൈഡനു പുറമെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഉള്‍പ്പെടെയുള്ള മറ്റ് യുഎസ് വൃത്തങ്ങളും നെതന്യാഹുവും തമ്മിലും വലിയ അഭിപ്രായ ഭിന്നത നിലനിന്നിരുന്നതായും പുസ്തകത്തില്‍ പറയുന്നുണ്ട്. ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ നെതന്യാഹുവിനെ സ്വാധീനിക്കാനോ നിയന്ത്രിക്കാനോ ഒന്നും ബ്ലിങ്കനായില്ലെന്ന് ബോബ് വുഡ്‌വാര്‍ഡ് നിരീക്ഷിക്കുന്നു. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ 'ഇരട്ടത്താപ്പി'ല്‍ നെതന്യാഹു അസംതൃപ്തനായിരുന്നുവത്രെ. മറയ്ക്കു പിന്നില്‍ സൗഹാര്‍ദപൂര്‍വം പെരുമാറുകയും പരസ്യമായി ഇസ്‌റാഈലിനെ വിമര്‍ശിക്കുകയും ചെയ്‌തെന്നാണ് ആരോപണം. ജൂലൈയില്‍ നടന്ന ഒരു യോഗത്തിനുശേഷം ഗസ്സയിലെ ഇസ്‌റാഈല്‍ കൂട്ടക്കുരുതിയെ കമല ഹാരിസ് പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇതാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രിയെ ചൊടിപ്പിച്ചതെന്നും പുസ്തകം പറയുന്നു. കമലയെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കിയതും നെതന്യാഹുവിന് ദഹിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."