എ.ഡി.എമ്മിന്റെ മരണം; കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യത, മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെതിരെ നടപടിക്ക് സാധ്യതയെന്ന് സൂചന. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത നാളെയോ മറ്റന്നാളോ റിപ്പോര്‍ട്ട് നല്‍കിയേക്കുമെന്നാണ് വിവരം.
ഇതിനു പിന്നാലെ നടപടി സ്വീകരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം, ക്ഷണിച്ചിട്ടാണ് പരിപാടിയില്‍ പങ്കെടുത്തത് എന്ന മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ ആരോപണം കലക്ടര്‍ തള്ളിയിട്ടുണ്ട്.
ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് കലക്ടര്‍ ആവര്‍ത്തിച്ച് പറയുന്നത്. കലക്ടര്‍ ക്ഷണിച്ചപ്രകാരമാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ദിവ്യ വാദിക്കുന്നത്.
അതിനിടെ അരുണ്‍ കെ വിജയന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. അന്വേഷണ ഉദ്യോഗസ്ഥ റവന്യു വകുപ്പ് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസിന്റെ മൊഴിയെടുപ്പിന് ശേഷമായിരുന്നു കൂടിക്കാഴ്ച.
ഇന്നലെ രാത്രി ഏഴ് മണിക്ക് ശേഷം പിണറായിയിലെ വീട്ടിലെത്തിയാണ് വിശദീകരണം നല്‍കിയത്. 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. യാത്രയയപ്പില്‍ നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചെന്നാണ് വിവരം.
കളക്ടര്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ അവധിയില്‍ പോകാമെന്നും രാജി വെക്കാമെന്നും കലക്ടര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടിയെടുക്കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."