ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ
രുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഡീസൽ ബസുകൾ ഇലക്ട്രിക് ആക്കാനുള്ള പദ്ധതി പാളി. മുൻ ഗതാഗത മന്ത്രി ആന്റണി രാജുവും സി.എം.ഡി ബിജു പ്രഭാകറും ചേർന്നാണ് ഇത്തരത്തിൽ തീരുമാനമെടുത്തിരുന്നത്. എന്നാൽ മന്ത്രിയും സി.എം.ഡിയും മാറിയതോടെ പദ്ധതിയും പൊളിഞ്ഞു.അന്നത്തെ മന്ത്രിക്ക് ഇലക്ട്രിക് ബസുകളോട് താൽപര്യമുണ്ടായിരുന്നെങ്കിൽ ഇന്നത്തെ മന്ത്രിക്ക് ഒരു താൽപര്യവുമില്ലെന്ന് മാത്രമല്ല, കടുത്ത വിമർശകനുമാണ്. ചെറു ഇലക്ട്രിക് ബസുകൾ സർവിസ് നടത്തിയിരുന്നതുപോലും ചുമതലയേറ്റ് കണക്കുകൾ നോക്കുന്നതിനു മുമ്പേ നഷ്ടത്തിലാണെന്ന് മന്ത്രി തുറന്നടിച്ചിരുന്നു.
പിന്നാലെ പല കോണുകളിൽ നിന്നും വിമർശനമുയർന്നു. മന്ത്രി കുലുങ്ങിയില്ല, പകരം കൂടുതൽ ഡീസൽ ബസുകൾ വാങ്ങുന്ന പദ്ധതിയുമായി മുന്നോട്ടുപോവുകയായിരുന്നു.രാജ്യത്ത് ഡീസൽ വാഹനങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കാൻ കേന്ദ്ര സർക്കാർ മുന്നിട്ടിറങ്ങിയത് വായു കാർബൺ രഹിതമാക്കുക എന്ന ഉദ്ദേശത്തോടെയാണ്. സംസ്ഥാനങ്ങൾക്ക് ഇലക്ട്രിക് ബസുകൾ നൽകുന്ന പദ്ധതിയും തുടങ്ങിയിരുന്നു. കേരളമൊഴികെ മറ്റ് സംസ്ഥാനങ്ങളെല്ലാം ഇതിന്റെ ചുവടുപിടിച്ച് നീങ്ങുമ്പോഴാണ് കേരളത്തിന്റെ വിരുദ്ധ പ്രവർത്തനം.
രാജ്യത്ത് 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ കേന്ദ്രം കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു. എന്നാൽ കേരളത്തിൽ പ്രത്യേക ഉത്തരവിറക്കി കെ.എസ്.ആർ.ടി.സിക്കു മാത്രം പഴക്കമുള്ള വാഹനങ്ങൾ ഓടിക്കാൻ അനുമതി നൽകുകയായിരുന്നു. അവർക്കല്ലാതെ15 വർഷം പൂർത്തിയാക്കിയ മറ്റ് ഡീസൽ വാഹനങ്ങൾ റോഡിലിറക്കാൻ അനുമതിയില്ലാതിരിക്കേയാണിത്. സാമ്പത്തിക പ്രതിസന്ധിയും ബസ് ക്ഷാമവുമാണ് അന്ന് കാരണമായി പറഞ്ഞിരുന്നത്. ഇതുകാരണം, കാലാവധി കഴിഞ്ഞ 1200 ഡീസൽ ബസുകളാണ് ഇപ്പോൾ നിരത്തിൽ തുടരുന്നത്.
കേന്ദ്ര നിർദേശം കണക്കിലെടുത്ത് ഇവയിൽ ബാറ്ററിയും മോട്ടോറുകളും ഘടിപ്പിച്ച് ഇലക്ട്രിക് ആക്കാൻ പദ്ധതി ഉണ്ടായിരുന്നു. ഒരു സ്റ്റാർട്ടപ്പ് കമ്പനിയുമായി സഹകരിച്ച് ഇക്കാര്യത്തിൽ ധാരണയുമുണ്ടാക്കി. എന്നാൽ, പൊടുന്നനെ പദ്ധതിയിൽ നിന്ന് കെ.എസ്.ആർ.ടി.സി പിൻമാറുകയും കാലാവധി കഴിഞ്ഞതിനാൽ പിൻവലിക്കേണ്ട ബസുകൾ നിരത്തിൽ തുടരാൻ പ്രത്യേകാനുമതി തേടുകയുമായിരുന്നു. ഇത്തരം ബസുകൾ വായുമലിനീകരണം ഉയർത്തി നിരത്തുകളിൽ തലങ്ങും വിലങ്ങും പായുന്നുമുണ്ട്. ഫലത്തിൽ സർക്കാർ ഇളവോടെ വായുമലിനീകരണമെന്ന വിമർശനവും വ്യാപകമായുണ്ട്.
അതേസമയം, പുതുതായി 40 എ.സി ഡീസൽ ബസുകൾ വാങ്ങാൻ കേരളം അടുത്തിടെ ഓർഡർ നൽകിയിരുന്നു. ഇതിൽ എട്ട് ബസുകൾ എത്തിയിരുന്നു. ഇവ ദീർഘദൂര സർവിസ് ആരംഭിച്ചിട്ടുമുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ കാലത്ത് അവയെ പാടേ അവഗണിച്ച് പരമ്പരാഗത ശൈലിയിൽ ഡീസലിനെ ആശ്രയിക്കാനുള്ള തീരുമാനത്തിൽ കടുത്ത വിമർശനമുണ്ട്.
സൗരോർജ വാഹനങ്ങൾ നിരത്തിലെത്തിക്കാൻ വാഹനനിർമാതാക്കൾ മത്സരിക്കുന്നതിനിടെ ബാറ്ററി ബസുകളോടുപോലും കാട്ടുന്ന അസഹിഷ്ണുത വായുമലിനീകരണത്തിനെതിരായ പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഗ്രാമങ്ങളിലേക്ക് മിനി ഡീസൽ ബസുകൾ
ഉൾപ്രദേശങ്ങളിൽ നിന്ന് പ്രധാന റോഡുകളിലേക്ക് നഷ്ടമില്ലാത്ത രീതിയിൽ സർവിസുകൾ നടത്താൻ മിനി ഇലക്ട്രിക് ബസുകൾ നിർമിക്കാൻ സ്റ്റാർട്ടപ്പ് കമ്പനിയുമായി ഉണ്ടാക്കിയ ധാരണയും ഇല്ലാതാകുന്ന സ്ഥിതിയാണ്. ചൈനയിൽ നിർമിച്ച് കേരളത്തിൽ എത്തിക്കാനായിരുന്നു അന്ന് ധാരണ.
എന്നാൽ ഇപ്പോഴാകട്ടെ ഇത്തരത്തിലുണ്ടാക്കിയ ബസ് ചൈനയിൽ വിശ്രമത്തിലാണ്. ഗ്രാമത്തിൽ നിന്ന് പട്ടണത്തിലേക്ക് ഓടിക്കേണ്ട ബസിന്റെ സ്ഥാനത്ത് മിനി ഡീസൽ ബസുകൾ ഓടിക്കാനാണ് മന്ത്രിയുടെ തീരുമാനം. ഇതോടെ കെ.എസ്.ആർ.ടി.സിക്ക് മുതൽമുടക്കില്ലാത്ത പദ്ധതിയും ഇല്ലാതാകുന്ന സ്ഥിതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."