'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ ദുര്‍ഗ്ഗാ പൂജയോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിനിടെ മുസ്‍ലിംകൾക്കെതിരേ വ്യാപക അക്രമസംഭവങ്ങളുണ്ടായതില്‍ പൊലിസിന്റെ ഭാഗത്തുനിന്നുള്ള വര്‍ഗീയ ഇടപെടല്‍ സ്ഥിരീകരിച്ച് കലാപകാരികള്‍. അക്രമസംഭവങ്ങളില്‍ സജീവമായി പങ്കെടുത്ത സബോരി മിശ്ര, പ്രേം മിശ്ര എന്നീ രണ്ട് യുവാക്കളാണ് ഹിന്ദി മാധ്യമം ദൈനിക് ഭാസ്‌കറിന് നല്‍കിയ അഭിമുഖത്തില്‍, മുസ്‍ലിംകള്‍ക്കെതിരായ കലാപത്തില്‍ പൊലിസ് രണ്ടുമണിക്കൂര്‍ നേരം കണ്ണടച്ചതായി വെളിപ്പെടുത്തിയത്.
ഈ മാസം 14ന് ബഹ്‌റൈച്ചിലെ മഹാരാജ്ഗഞ്ചില്‍ മുസ്‌ലിംകള്‍ക്കെതിരെ അക്രമം നടത്തിയ കലാപകാരികളുടെ ഭാഗമായിരുന്നു തങ്ങളെന്ന് ഇരുവരും ദൈനിക് ഭാസ്‌കറിന്റെ ലേഖകനോട് സംസാരിക്കവെ സമ്മതിച്ചു. റിപ്പോര്‍ട്ടറും കലാപകാരികളും തമ്മിലുള്ള സംഭാഷണം ഒളികാമറയില്‍ പകര്‍ത്തി ഇന്നലെയാണ് പുറത്തുവിട്ടത്. തങ്ങള്‍ കടകള്‍ക്ക് തീയിട്ടെന്നും നിരവധി വിലകൂടിയ വാഹനങ്ങള്‍ കത്തിച്ചെന്നും കാലപകാരികൾ പറഞ്ഞു. നിരവധി ആളുകള്‍ തടിച്ചുകൂടിയതിനാല്‍ തങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യേണ്ടിവന്നില്ല. കൂട്ടത്തില്‍ ആരോ ഒറ്റിയതുകൊണ്ടാണ്, അല്ലായിരുന്നുവെങ്കില്‍ മഹാരാജ്ഗഞ്ചിനെ തുടച്ചുനീക്കുമായിരുന്നുവെന്നും ഇരുവരും പറയുന്നു.
ബഹ്‌റൈച്ച് ജില്ലയിലെ മഹാസിയില്‍ ഈ മാസം 13ന് നടന്നഘോഷയാത്രയ്ക്കിടെ റാം ഗോപാല്‍ മിശ്ര (22) എന്നയാള്‍ മുസ്‍ലിം വീടിന് മുകളില്‍ നാട്ടിയ പച്ചക്കൊടി നീക്കംചെയ്ത് കാവിക്കൊടി സ്ഥാപിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തില്‍ രാം ഗോപാല്‍ മിശ്ര കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് പ്രദേശത്തെ മുസ്‍ലിം വീടുകളും വ്യാപാരസ്ഥാപനങ്ങളും വന്‍തോതില്‍ കൊള്ളയടിക്കപ്പെടുകയും അക്രമിക്കപ്പെടുകയുംചെയ്തത്. പ്രദേശത്ത് മുസ്‍ലിംകളുടെ ഉടമസ്ഥതയിലുള്ള രണ്ട് ബൈക്ക് ഷോറൂമുകളും ഒരു ആശുപത്രിയും അക്രമികള്‍ തകര്‍ത്തതില്‍ ഉള്‍പ്പെടും.
അബ്ദുല്‍ ഹമീദ് എന്നയാളാണ് മിശ്രയെ വെടിവച്ചുകൊന്നതെന്നാണ് കേസ്. ഹമീദിന് മരിച്ചയാളുമായി മുന്‍ വൈരാഗ്യമുണ്ടായിരുന്നെന്ന് പൊലിസ് പറഞ്ഞു. ഇവര്‍ തമ്മില്‍ ശത്രുത ഇല്ലായിരുന്നുവെങ്കില്‍ ഹമീദിന്റെ വീട്ടില്‍ നിന്ന് മിശ്ര പതാക അഴിക്കുമായിരുന്നില്ലെന്നും പൊലിസ് പറഞ്ഞു. കേസില്‍ ഹമീദും രണ്ട് മക്കളും അറസ്റ്റിലായിട്ടുണ്ട്. മക്കളെ വെടിവച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രദേശത്തെ ബി.ജെ.പി എം.എല്‍.എ സുരേശ്വര്‍ സിങ്ങിന്റെ അനുമതിയില്ലാതെ ഈ ഭാഗത്തെ നാല് പൊലിസ് സ്റ്റേഷനുകളില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാനാകില്ലെന്ന് പൊലിസ് പറഞ്ഞു.
യു.പിയില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് വര്‍ഗീയകലാപമാണ് നടക്കുന്നതെന്ന് ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് എ.എ.പി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. ബി.ജെ.പിക്ക് അവരുടെടെ കുട്ടികള്‍ക്ക് ജോലി നല്‍കാന്‍ കഴിയില്ല, പകരം ബോംബും നശീകരണവും മാത്രമാണ് നല്‍കാന്‍ കഴിയുക. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായി ബി.ജെ.പി എങ്ങനെയാണ് ബഹ്‌റൈച്ചില്‍ കലാപം ഉണ്ടാക്കിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുവെന്നും കലാപം തടയാന്‍ ശ്രമിച്ച പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു. കലാപം ഉണ്ടാക്കിയത് ബി.ജെ.പിയാണെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."