എമിറേറ്റ്‌സ് വിമാനങ്ങള്‍ റീബുക്ക് ചെയ്യാന്‍ അവസരം; യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് ഓണ്‍ലൈനായി മാറ്റങ്ങള്‍ വരുത്താം | UAE Travel Alert
ദുബൈ: വിമാന സമയക്രമത്തിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. യാത്രാ തീയതിക്ക് 72 മണിക്കൂര്‍ മുമ്പ് വരെ ഓണ്‍ലൈനായി ടിക്കറ്റുകള്‍ റീബുക്ക് ചെയ്യാന്‍ ഇപ്പോള്‍ സാധിക്കും. വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുമാണിത്.
എമിറേറ്റ്‌സ് വെബ്‌സൈറ്റിലെ 'മാനേജ് യുവര്‍ ബുക്കിങ്' (Manage Your Booking) സംവിധാനം വഴിയോ എമിറേറ്റ്‌സ് മൊബൈല്‍ ആപ്പ് വഴിയോ യാത്രക്കാര്‍ക്ക് പുതിയ തീയതികള്‍ തെരഞ്ഞെടുക്കാനും യാത്രാ പ്ലാനുകള്‍ നിയന്ത്രിക്കാനും കഴിയും. യാത്രാ തീയതിക്ക് 72 മണിക്കൂറിനേക്കാള്‍ കൂടുതല്‍ സമയം മുമ്പ് മാറ്റങ്ങള്‍ വരുത്തേണ്ടവര്‍ എമിറേറ്റ്‌സ് സപ്പോര്‍ട്ട് ടീമുമായി ഓണ്‍ലൈനായോ ഡയറക്ട് മെസ്സേജ് (DM) വഴിയോ ബന്ധപ്പെടണമെന്നും എയര്‍ലൈന്‍സ് നിര്‍ദേശിച്ചിട്ടുണ്ട്.
മേഖലയിലെ വ്യോമപാതകള്‍ ഭാഗികമായി തുറന്നതിന് പിന്നാലെ പരിമിതമായ സര്‍വീസുകള്‍ മാത്രമാണ് എമിറേറ്റ്‌സ് ഇപ്പോള്‍ നടത്തുന്നത്. അതിനാല്‍ യാത്രക്കാര്‍ വിമാനങ്ങളുടെ സമയക്രമം പരിശോധിക്കുകയും മുന്‍കൂട്ടി സീറ്റുകള്‍ ബുക്ക് ചെയ്യുകയും വേണം.
യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങള്‍:
* സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത: യാത്രക്കാര്‍ തങ്ങളുടെ ബുക്കിംഗ് വിവരങ്ങളും കോണ്‍ടാക്ട് നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും പബ്ലിക് പ്ലാറ്റ്‌ഫോമുകളില്‍ (സോഷ്യല്‍ മീഡിയ കമന്റുകള്‍ ഉള്‍പ്പെടെ) പങ്കുവെക്കരുത്. ഇത്തരം വിവരങ്ങള്‍ തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. സഹായം ആവശ്യമുള്ളവര്‍ ഡയറക്ട് മെസ്സേജ് അയക്കുകയാണ് വേണ്ടത്.
* യാത്രയ്ക്ക് മുമ്പ്: ചെക്ക്ഇന്‍ ചെയ്തതിന് ശേഷവും വിമാനത്തിന്റെ സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കുക. വെബ്‌സൈറ്റിലെ (emirates.com) പുതിയ അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കുക. മാറ്റങ്ങളോ റദ്ദാക്കലുകളോ അറിയാന്‍ നിങ്ങളുടെ കോണ്‍ടാക്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
റദ്ദാക്കപ്പെട്ട വിമാനങ്ങളിലെ യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍
(ഫെബ്രുവരി 28 മാര്‍ച്ച് 31):
* റീബുക്കിങ്: വിമാനം റദ്ദാക്കപ്പെട്ടാല്‍ ലഭ്യമായ തൊട്ടടുത്ത വിമാനത്തില്‍ എമിറേറ്റ്‌സ് ടിക്കറ്റ് റീബുക്ക് ചെയ്യാന്‍ ശ്രമിക്കും. പുതിയ വിമാനം സ്വീകാര്യമാണെങ്കില്‍ യാത്രക്കാര്‍ മറ്റ് നടപടികള്‍ സ്വീകരിക്കേണ്ടതില്ല. മറ്റൊരു വിമാനമാണ് വേണ്ടതെങ്കില്‍ വെബ്‌സൈറ്റോ ആപ്പോ ഉപയോഗിച്ച് മാറ്റങ്ങള്‍ വരുത്താം.
* കണക്റ്റിങ് വിമാനങ്ങള്‍: ദുബൈ വഴിയുള്ള കണക്റ്റിങ് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടവര്‍ യാതൊരു കാരണവശാലും വിമാനത്താവളത്തിലേക്ക് പോകരുത്. എത്തുന്നതിന് മുമ്പ് തന്നെ ടിക്കറ്റുകള്‍ റീബുക്ക് ചെയ്യണം.
* ടിക്കറ്റ് മാറ്റിയെടുക്കല്‍: 2026 ഏപ്രില്‍ 30 വരെയോ അതിന് മുമ്പോ ഉള്ള യാത്രകള്‍ക്കായി ടിക്കറ്റുകളില്‍ മാറ്റം വരുത്താം. റീബുക്ക് ചെയ്യുമ്പോള്‍ സീറ്റ്, ഭക്ഷണം, ഷോഫര്‍ഡ്രൈവ് തുടങ്ങിയ സേവനങ്ങളും അപ്‌ഡേറ്റ് ചെയ്യാം.
* റീഫണ്ട്: നേരിട്ട് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് റീഫണ്ട് ഫോം വഴി തുക തിരികെ ലഭിക്കും. ട്രാവല്‍ ഏജന്‍സികള്‍ വഴി ബുക്ക് ചെയ്തവര്‍ ട്രാവല്‍ ഏജന്റുമാരുമായി ആശയവിനിമയം നടത്തണം.
ഓണ്‍ലൈനായി ബുക്കിങ് നിയന്ത്രിക്കാം:
മാനേജ് യുവര്‍ ബുക്കിംഗ് വഴി യാത്രക്കാര്‍ക്ക് താഴെ പറയുന്ന കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യാം:
* ബുക്കിംഗിലെ മാറ്റങ്ങള്‍ പരിശോധിക്കാന്‍.
* പുതിയ വിമാനങ്ങള്‍ തെരഞ്ഞെടുക്കാന്‍.
* സീറ്റ്, ഭക്ഷണം തുടങ്ങിയവ അപ്‌ഡേറ്റ് ചെയ്യാന്‍.
* ഏപ്രില്‍ 30 വരെ യാത്രാ ഇളവുകള്‍ പ്രകാരം ഒമ്പത് തവണ വരെ ടിക്കറ്റില്‍ മാറ്റങ്ങള്‍ വരുത്താന്‍.
* അറിയിപ്പുകള്‍ ലഭിക്കുന്നതിനായി കോണ്‍ടാക്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍.
യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കി സര്‍വിസുകള്‍ ക്രമേണ പുനഃസ്ഥാപിക്കുകയാണെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വ്യക്തമാക്കി. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകളില്ലാതെ യാത്ര ചെയ്യാന്‍ ആവശ്യമായ എല്ലാ ഇളവുകളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Emirates is offering travellers greater flexibility amid changing flight schedules. Passengers can now rebook flights online within 72 hours of their original departure, helping reduce disruptions and avoid unnecessary trips to the airport. Bookings can be managed through the Emirates website at Manage Your Booking or via the Emirates mobile app, allowing passengers to select new dates and manage their travel plans from anywhere.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."